Flash News

മോശം ഭക്ഷണത്തെക്കുറിച്ച് പരാതി : തേജ് ബഹാദൂറിനെ ബിഎസ്എഫ് പിരിച്ചുവിട്ടു



ന്യൂഡല്‍ഹി: സൈനികര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്)യിലെ ജവാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തേജ്ബഹാദൂര്‍ യാദവിനെയാണു പിരിച്ചുവിട്ടത്. വകുപ്പുതല അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.അതിര്‍ത്തി രക്ഷാസേന നിയമപ്രകാരമാണ് യാദവിനെ പിരിച്ചുവിട്ടത്. ഈ നിയമം എല്ലാ ബിഎസ്എഫ് ഭടന്‍മാര്‍ക്കും ബാധകമാണെന്ന് അധികൃതര്‍ പറഞ്ഞു. അച്ചടക്കലംഘനത്തിന് യാദവ് കുറ്റക്കാരനാണെന്നു കണ്ടെത്തിയതായും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ അപ്‌ലോഡ് ചെയ്തതു ചട്ടങ്ങള്‍ക്കെതിരാണ്. വിധി—ക്കെതിരേ അപ്പീല്‍ നല്‍കാന്‍ യാദവിന് മൂന്നുമാസം സമയമനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബിഎസ്എഫ് ഭടന്‍മാര്‍ക്കു നല്‍കുന്ന ഭക്ഷണത്തിനു ഗുണനിലവാരമില്ലെന്നു കാണിക്കുന്ന വീഡിയോ ഈവര്‍ഷം ജനുവരിയിലാണ് യാദവ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സൈനികര്‍ക്കുവേണ്ടി സര്‍ക്കാര്‍ വാങ്ങുന്ന ഭക്ഷ്യവസ്തുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിപണിയില്‍ അനധികൃതമായി വില്‍ക്കുന്നുവെന്നായിരുന്നു ആരോപണം. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിലായിരുന്നു യാദവിനെ നിയമിച്ചിരുന്നത്. അന്വേഷണത്തിനിടെ അദ്ദേഹത്തെ അധികൃതര്‍ സ്ഥലംമാറ്റിയിരുന്നു.
Next Story

RELATED STORIES

Share it