Flash News

മെഹ്ദി ഹസനു സ്മാരകം: ഇന്ത്യയുടെ സഹായം തേടി



ന്യൂഡല്‍ഹി: ഗസല്‍ ഇതിഹാസം മെഹ്ദി ഹസന് സ്മാരകം നിര്‍മിക്കാന്‍ അദ്ദേഹത്തിന്റെ മക്കള്‍ ഇന്ത്യയുടെ സഹായം തേടി. 2012 ജൂണ്‍ 13ന്് പാകിസ്താനിലെ കറാച്ചിയില്‍ അന്തരിച്ച മെഹ്ദി ഹസന് സ്മാരകം നിര്‍മിക്കാമെന്നു പാകിസ്താനിലെ സിന്ധ് പ്രവിശ്യ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ സ്മാരകം നിര്‍മിച്ചില്ലെന്ന് അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ മകന്‍ ആരിഫ് പറഞ്ഞു. അഞ്ചുവര്‍ഷം ഞങ്ങള്‍ കാത്തിരുന്നു. ഞങ്ങളുടെ ക്ഷമ നശിച്ചു. അതുകൊണ്ടാണ് സ്മാരകം നിര്‍മിക്കാന്‍ ഞങ്ങള്‍ ഇന്ത്യയോട് സഹായം തേടിയതെന്ന് ആരിഫ് വ്യക്തമാക്കി. മെഹ്ദി ഹസന്‍ മരണപ്പെട്ട അന്നുതന്നെ അദ്ദേഹത്തിന്റെ നിത്യസ്മരണയ്ക്കായി ശവകുടീരവും അതിനോടു ചേര്‍ന്ന് ലൈബ്രറിയും സ്ഥാപിക്കുമെന്നായിരുന്നു സിന്ധ് സര്‍ക്കാരിന്റെ ഉറപ്പ്. അദ്ദേഹത്തിന്റെ ശവക്കല്ലറ മോശം സ്ഥിതിയിലാണെന്നും ആരിഫ് പറഞ്ഞു. മെഹ്ദി ഹസന് സ്മാരകസൗധം നിര്‍മിക്കാന്‍ അദ്ദേഹത്തിന്റെ അടുത്ത സ്‌നേഹിതനും കുടുംബസുഹൃത്തുമായ മന്‍മീത്ത് സിങ് മുന്‍കൈയെടുക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഗായകന്‍ ഹരിഹരനും ഇന്ത്യയിലെ മെഹ്ദി ഹസന്റെ നിരവധി ആരാധകരും ചേര്‍ന്ന് പാകിസ്താനില്‍ സ്മാരകം നിര്‍മിക്കാനുള്ള സഹായം നല്‍കാമെന്നേറ്റിട്ടുണ്ട്. വിഭജനാനന്തരം പാകിസ്താനിലേക്കു പോയ മെഹ്ദി ഹസന്‍ എന്ന ഗസല്‍ ഇതിഹാസത്തിന് ഇരുരാജ്യങ്ങളിലും ആരാധകരുണ്ട്. 1927 ജൂലൈ 18ന് രാജസ്ഥാനിലാണു ജനിച്ചത്.
Next Story

RELATED STORIES

Share it