മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ്; മെയ് ഒന്നിനും ജൂലൈ 24നും പരീക്ഷ: ഒറ്റ പരീക്ഷ ഈ വര്‍ഷം

ന്യൂഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് ഈവര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ (നാഷനല്‍ എന്‍ട്രന്‍സ് എലിജിബിലിറ്റി ടെസ്റ്റ്-നീറ്റ്) നടത്താന്‍ സുപ്രിംകോടതി ഉത്തരവ്. ഇതോടെ വിവിധ സംസ്ഥാന സര്‍ക്കാരുകളും സ്വാശ്രയ മാനേജ്‌മെന്റുകളും നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കും. രണ്ടു ഘട്ടമായി മെയ് ഒന്നിനും ജൂലൈ 24നുമാണു പരീക്ഷ നടക്കുക. മെയ് ഒന്നിനു നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ ഒന്നാംഘട്ടമായി കണക്കാക്കും.
ഒന്നാംഘട്ടത്തില്‍ നടക്കുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ 24ന്റെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടു ഘട്ടങ്ങളിലെയും പരീക്ഷയുടെ ഫലം ആഗസ്ത് 17നു പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ സപ്തംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. സിബിഎസ്ഇക്കാണു പരീക്ഷാ നടത്തിപ്പിന്റെ ചുമതല. ജസ്റ്റിസുമാരായ എ ആര്‍ ദവെ, ശിവകീര്‍ത്തി സിങ്, എ കെ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.
2016-17 വര്‍ഷത്തില്‍ ആറര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പരീക്ഷ എഴുതുമെന്നാണു പ്രതീക്ഷിക്കുന്നത്. സുപ്രിംകോടതിയുടെ ഉത്തരവോടെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും കര്‍ണാടക മെഡിക്കല്‍ കോളജ് അസോസിയേഷന്‍, സിഎംസി വെല്ലൂര്‍ പോലുള്ള ന്യൂനപക്ഷ കോളജുകള്‍ എന്നിവയും നീറ്റിനെ എതിര്‍ത്തതുമൂലമുള്ള അനിശ്ചിതാവസ്ഥ അവസാനിച്ചു. മെഡിക്കല്‍ പ്രവേശനത്തിനു രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതു വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11ന് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുതുതായി വാദം കേള്‍ക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ചപ്പോഴാണ് സിബിഎസ്ഇയും കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും ഏകീകൃത പരീക്ഷ നടത്താന്‍ തയ്യാറാണെന്നു കോടതിയെ അറിയിച്ചത്. പിജിക്ക് അടുത്തവര്‍ഷം മുതല്‍ മാത്രമേ ഏകീകൃത പരീക്ഷയുണ്ടാവുകയുള്ളൂ.
അതേസമയം, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്താന്‍ ഉത്തരവായ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നിന്ന് ഈ വര്‍ഷം കേരളത്തെ ഒഴിവാക്കണമെന്നഭ്യര്‍ഥിച്ച് സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it