മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

അങ്കമാലി: എംസി റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലി പോലിസ് സര്‍ക്കിള്‍ ഓഫിസ് കാര്യാലയത്തോട് ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ പോലിസ് സ്റ്റേഷന്റെ പിറകുവശത്തു പറകുളം റോഡിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗത്താണു കണ്ടെത്തിയത്.
ഭര്‍ത്താവ് മകനെ കുഴിച്ചിട്ടുവെന്ന പരാതിയുമായി തമിഴ്‌നാട് സ്വദേശിനിയായ സുധയെന്ന സ്ത്രീ പോലിസിനെ സമീപിച്ചപ്പോഴാണു സംഭവം പുറലോകം അറിയുന്നത്. ശനിയാഴ്ച രാത്രി 11ഓടെയാണു കൊലപാതകം നടത്തിയതെന്നും തുടര്‍ന്നു തെളിവു നശിപ്പിക്കുന്നതിനു വേണ്ടിയാണ് ആളൊഴിഞ്ഞ ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടതെന്നും കുട്ടിയുടെ മാതാവ് സുധ പോലിസിനോട് പറഞ്ഞു. സുധ നല്‍കിയ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് പാലക്കാട് സ്വദേശി മണികണ്ഠനെ അങ്കമാലി പോലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടിയാണു കുട്ടി മരിച്ചതെന്നാണു പോലിസ് കസ്റ്റഡിയില്‍ മണികണ്ഠന്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവരുടെ മൊഴികള്‍ പൂര്‍ണമായും പോലിസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പോലിസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. ഇരുവരും പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതിനാല്‍ ആശയക്കുഴപ്പത്തിലാണ് പോലിസ്.
ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.  ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവരും സ്ഥലത്തെ ത്തി പരിശോധന നടത്തി.  മൃതദേഹം അങ്കമാലി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം മരണകാരണം വ്യക്തമാകൂവെന്നു പോലിസ് അറിയിച്ചു. സുധയും ഭര്‍ത്താവ് മണികണ്ഠനും മുഴുവന്‍ സമയവും മദ്യലഹരിയിലാണെന്നു നാട്ടുകാര്‍ പറയുന്നു. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാവുന്നതും പതിവാണ്. കഴിഞ്ഞ കുറച്ചുനാളുകളിലായി പോലിസ് സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്റ് തുടങ്ങിയ പരിസരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ വാസം.
Next Story

RELATED STORIES

Share it