Flash News

മുനിസിപ്പാലിറ്റികളില്‍ 24 മണിക്കൂറിനകം രേഖകള്‍ ലഭ്യമാക്കാന്‍ സംവിധാനം



ന്യൂഡല്‍ഹി: മുനിസിപ്പാലിറ്റികളില്‍ റേഷന്‍ കാര്‍ഡ് ഉള്‍െപ്പടെയുള്ള രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുന്ന സംവിധാനം വരുന്നു. ഒരു ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള 500 നഗരങ്ങളിലാണ് ഈ സൗകര്യം നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചാല്‍ ഉടനെ നിര്‍മാണത്തിനുള്ള അനുമതി, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹരേഖകള്‍ തുടങ്ങിയവയും 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കും. നിലവില്‍ മുനിസിപ്പാലിറ്റികളില്‍ ഈ രേഖകള്‍ ലഭ്യമാക്കാന്‍ മാസമോ വര്‍ഷം തന്നെയോ എടുക്കുന്ന സാഹചര്യമുണ്ട്. നഗര വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പരിഷ്‌കരണ പദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്. നിലവില്‍ അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ രേഖകള്‍ പരിശോധിക്കുകയും പരിശോധന പൂര്‍ത്തിയായ ശേഷം അപേക്ഷയില്‍ ആവശ്യപ്പെട്ടത് അനുവദിച്ചുനല്‍കുകയുമാണ് ചെയ്യാറ്. എന്നാല്‍, ഈ പദ്ധതി പ്രകാരം അപേക്ഷിച്ച ഉടന്‍തന്നെ രേഖകള്‍ ലഭ്യമാക്കുകയും പരിശോധന പിന്നീട് നടത്തുകയുമാണ് ചെയ്യുകയെന്ന് നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. അപേക്ഷയോടൊപ്പം തെറ്റായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നു ബോധ്യമായാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. 500 നഗരങ്ങളെ നവീകരിക്കുന്ന അടല്‍ മിഷന്‍ പദ്ധതിയുടെ കീഴിലാണ് ഇതു നടപ്പാക്കുന്നത്. ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ മന്ത്രാലയം മുനിസിപ്പാലിറ്റികള്‍ക്ക് നല്ലൊരു തുക അനുവദിക്കും. ഓരോ നവീകരണ പദ്ധതിയും നടപ്പാക്കാന്‍ സമയക്രമവും നിശ്ചയിക്കും. പദ്ധതിക്കായി നല്‍കാനിരുന്ന 2000 കോടിക്കു പകരം 10,000 കോടി നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചതായി ചൗബ പറഞ്ഞു. അതോടൊപ്പം ഭൂനികുതി, വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയവ ഓണ്‍ലൈനായി അടയ്ക്കാനും സംവിധാനം കൊണ്ടുവരും.
Next Story

RELATED STORIES

Share it