kannur local

മഴക്കാലപൂര്‍വ ശുചീകരണം ഇഴയുന്നു; മലയോരത്ത് രോഗഭീതി

ഇരിക്കൂര്‍: മലയോര മേഖലയിലെ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. ഓടകള്‍, തോടുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ശുചീകരിക്കാത്തത് രോഗഭീതി വര്‍ധിപ്പിക്കുന്നുണ്ട്. വേനല്‍ മഴ തുടങ്ങി ദിവസങ്ങളായിട്ടും ശുചീകരണം എങ്ങുമെത്തിയില്ല.
ബ്ലോക്ക് പഞ്ചായത്തിലെ മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും നിരവധി പേര്‍ക്ക് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ വൈറല്‍ പനി, മഞ്ഞപ്പിത്തം, ചെങ്കണ്ണ് രോഗം എന്നിവയും വ്യാപകമാണ്. വേനല്‍മഴയില്‍ ഓടകളിലും ജലസ്രോതസുകളിലും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിട്ടുണ്ട്. മിക്കയിടത്തും ഓടകളും തോടുകളും മാലിന്യം നിറഞ്ഞ് റോഡിലൂടെ ഒഴുകുകയാണ്.
പഞ്ചായത്തുകളും ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളും സഹകരിച്ചാണ് മുന്‍ കാലങ്ങളില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തിയിരുന്നത്. ഇത്തവണ ഇവര്‍ മുന്‍കൈയെടുക്കാത്തതിനാലാണ് ശുചീകരണം തുടങ്ങാന്‍ വൈകുന്നത്. പല പഞ്ചായത്തുകളിലും ഗ്രാമീണ മേഖലകളിലും വര്‍ഷങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്.
ഇതുകാരണം കൊതുക് പെരുകുകയാണ്. കൊതുകിന്റെ സാന്ദ്രത കുറയ്ക്കാന്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, സാംസ്‌കാരിക സംഘടനകള്‍, ഓഫിസ് മേധാവികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ച് ശുചീകരണം നടത്തുകയാണു പതിവ്. മിക്കയിടത്തും ഇത് നടപ്പാവാത്തതാണ് മാലിന്യം വര്‍ധിക്കാന്‍ കാരണം. വാര്‍ഡ് തലങ്ങളിലും ശുചീകരണം പേരിനു പോലുമില്ല.
Next Story

RELATED STORIES

Share it