മതസൗഹാര്‍ദം: ധന്‍ബാദില്‍ നിന്ന് ഒരു ശുഭവാര്‍ത്ത

ധന്‍ബാദ് (ജാര്‍ഖണ്ഡ്): രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കുമ്പോള്‍ ധന്‍ബാദ് ജില്ലയിലെ ചെറുഗ്രാമത്തിലെ ജനങ്ങള്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുവിതയ്ക്കുന്നു. കഴിഞ്ഞ നാലുദശാബ്ദമായി ബാലിപൂര്‍ ബ്ലോക്കിലെ വിക്രജ്പൂര്‍ ഗ്രാമത്തില്‍ 40 മുസ്്‌ലിം കുടുംബങ്ങള്‍ വിവിധ ഹിന്ദുക്ഷേത്രങ്ങള്‍ക്കായി പുഷ്പങ്ങള്‍ വളര്‍ത്തുകയും മാലകള്‍ കൊരുക്കുകയും ചെയ്യുന്നു.
പുഷ്പകൃഷിയെ ആശ്രയിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് കര്‍ഷകനായ ശെയ്ഖ് ശംസുദ്ദീന്‍ പറഞ്ഞു. ജാരിയ നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ആവശ്യാനുസരണം ഹാരങ്ങളും പുഷ്പങ്ങളും വില്‍ക്കുന്നുണ്ട്. രാമനവമി, ദുര്‍ഗാപൂജ ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രങ്ങളെ പുഷ്പ കര്‍ഷകര്‍ സൗജന്യമായി അലങ്കരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.
വിക്രജ്പൂരിലെ കര്‍ഷകര്‍ ഉല്‍സവകാലത്ത് ഒരിക്കലും പുഷ്പഹാരങ്ങള്‍ എത്തിക്കുന്നതില്‍ മുടക്കംവരുത്താറില്ലെന്ന് ജാരിയയിലെ കലി ക്ഷേത്രത്തിലെ പൂജാരി ധ്യാന്‍ശങ്കര്‍ ദുബെ പറയുന്നു.
വര്‍ഗീയകലാപങ്ങള്‍ ഒരിക്കലും പൂക്കള്‍ എത്തിക്കുന്നതില്‍ തടസ്സംവരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കും കഴിഞ്ഞ 40 വര്‍ഷമായി പൂക്കള്‍ വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്താനായിട്ടില്ലെന്ന് കര്‍ഷകനായ സാഫി പറഞ്ഞു. കൃഷിക്കാരെ പുഷ്പകൃഷിയില്‍ നിന്നു മാറ്റി പച്ചക്കറികൃഷി ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന കാലമുണ്ടായിരുന്നു.
എന്നാല്‍, കര്‍ഷകര്‍ പുഷ്പവ്യാപാരവുമായി മാനസികമായി അടുത്തുപോയിരുന്നതിനാല്‍ അവര്‍ക്ക് പിന്മാറാന്‍ കഴിയുമായിരുന്നില്ലെന്ന് ഗ്രാമീണനായ അന്‍വര്‍ അലി പറഞ്ഞു. രണ്ടു ദശാബ്ദമായി ഷൗക്കത്ത് അലി പുഷ്പവ്യാപാരം നടത്തുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഞ്ചുതവണ ഗ്രാമം സന്ദര്‍ശിച്ച് തങ്ങളുടെ ആവശ്യങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെ ഒരു സഹായവും എത്തിയിട്ടില്ലെന്ന് ഷൗക്കത്ത് അലി പറഞ്ഞു.
Next Story

RELATED STORIES

Share it