മതനിരപേക്ഷ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കും

കോഹിമ: നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മല്‍സരിക്കാത്ത സീറ്റുകളില്‍ മതനിരപേക്ഷ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നു കോണ്‍ഗ്രസ്. 60 അംഗ നിയമസഭയിലേക്ക് ഈ മാസം 27നാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ് 19 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. നാഗാ ജനതയുടെ അവകാശത്തിലും ജീവിതരീതിയിലും കൈകടത്തുന്നതില്‍ നിന്നു ബിജെപിയെയും സഖ്യകക്ഷിയെയും തടയാന്‍ ലക്ഷ്യമിട്ടാണ് മതനിരപേക്ഷ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നു നാഗാലാന്‍ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി നെഫിയുറിയോ നേതൃത്വം നല്‍കുന്ന നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി)യുമായി ബിജെപി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബിജെപി 20 സീറ്റിലും എന്‍ഡിപിപി 40 സീറ്റിലും മല്‍സരിക്കുന്നു.സംസ്ഥാനത്ത് ഹിന്ദുത്വ ശക്തികളെ തടഞ്ഞു മതനിരപേക്ഷ സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മതനിരപേക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെയും വിശാല സഖ്യത്തിനു കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി എന്‍ഡിപിപി സഖ്യത്തില്‍ പാര്‍ട്ടി നടുക്കം പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ടരവര്‍ഷത്തിലേറെയായി ഹിന്ദുത്വത്തിന്റെ അപകടത്തെ കുറിച്ച് എന്‍പിസിസി പ്രചാരണം നടത്തിവരുകയായിരുന്നെന്നും ബിജെപി ഭരണത്തിന്റെ മതന്യൂനപക്ഷങ്ങള്‍ എപ്രകാരം പീഡിപ്പിക്കപ്പെട്ടുവെന്ന് അവര്‍ക്കു നന്നായി അറിയാമെന്നും പാര്‍ട്ടി പറഞ്ഞു.അതേസമയം, നാഗാലാന്‍ഡില്‍ 281 കമ്പനി കേന്ദ്രസേനയെ വിന്യസിക്കുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇതില്‍ 77 കമ്പനികള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം 18ന് പൂര്‍ത്തിയായാല്‍ ബാക്കിയുള്ള 204 കമ്പനികള്‍ നാഗാലാന്‍ഡിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it