malappuram local

മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ക്കുനേരെ ബിജെപിയുടെ കൈയേറ്റശ്രമം

മഞ്ചേരി: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മഞ്ചേരി നഗരസഭയിലെ മുസ്‌ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടനുനേരെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് സംഭവം.
രണ്ടു പോലിസുകാര്‍ മാത്രം ഓട്ടോറിക്ഷയിലാണ് കൗണ്‍സിലറെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ആശുപത്രിയില്‍ ജലക്ഷാമത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍ക്കെതിരേ തിരിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പോലിസുകാര്‍ പ്രതിയെ ആശുപത്രി കെട്ടിടത്തിനകത്തേക്കു മാറ്റിയാണ് രക്ഷപ്പെടുത്തിയത്. ബാലികയെ പീഡിപ്പിച്ച കേസില്‍ ലീഗ് കൗണ്‍സിലര്‍ പ്രതിയായത് വലിയ പ്രതിഷേധങ്ങളാണ് മഞ്ചേരിയില്‍ ഉയര്‍ത്തിയത്. അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്കും കോടതിയിലും ഹാജരാക്കാന്‍ വേണ്ടത്ര സുരക്ഷ ഒരുക്കുന്നതില്‍ പോലിസിനു സംഭവിച്ച വീഴ്ചയാണ് ബിജെപി പ്രവര്‍ത്തകര്‍ മുതലെടുത്തത്. മുഖ്യമന്ത്രിയടക്കം ജില്ലയിലുള്ള ദിവസം മഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ ആവശ്യത്തിന് അംഗബലമുണ്ടായിരുന്നില്ല.
സിഐ, എസ്‌ഐ എന്നിവരും സ്‌റ്റേഷനില്‍ ഇല്ലാത്ത സാഹചര്യത്തില്‍ വാഹനം പോലും ലഭ്യമാവാതെ ടാക്‌സി വാഹനത്തിലാണ് പീഡനക്കേസ് പ്രതിയായ ജനപ്രതിനിധിയെ വൈദ്യ പരിശോധനക്കു കൊണ്ടുപോയത്. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം അവസാനിച്ച ശേഷമാണ് പ്രതിയെ തിരിച്ചു സ്റ്റേഷനിലെത്തിക്കാന്‍ പോലിസിനായത്. മഞ്ചേരി പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ കുട്ടനെ കോടതി റിമാന്റ് ചെയ്തു.  മംഗലശേരി വാര്‍ഡ് കൗണ്‍സിലറായ കുട്ടനെ ദലിത് ലീഗില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. എന്നാലിയാള്‍ ഇപ്പോഴും കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുകയാണ്.
കോടതിയില്‍ കുറ്റം തെളിയുംവരെ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് നഗരസഭ ഭരണസമിതി കൈക്കൊണ്ടിരിക്കുന്നത്. ടിവി കാണാനെന്ന പേരില്‍ കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കുട്ടിയുടെ മൊഴി. അധ്യാപകരോടാണ് വിവരം കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് ചൈല്‍ഡ്‌ലൈന്‍ ഇടപെട്ട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഗൂഡല്ലൂരില്‍ നിന്നാണ് പോലിസ് സംഘം കൗണ്‍സിലറെ അറസ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it