Alappuzha

ബദ്ര്‍ ദിനം

ബദ്ര്‍ ദിനം
X


മൗലവി മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ
മക്കയില്‍ നിന്നു മദീനയിലേക്കു യാത്ര ചെയ്യുമ്പോള്‍ മദീനയ്ക്കടുത്തുള്ള ചരിത്രപ്രസിദ്ധമായ സ്ഥലമാണ് ബദ്ര്‍. ഹിജ്‌റാബ്ദം രണ്ടാംവര്‍ഷം റമദാന്‍ 17ാം തിയ്യതിയാണ് ഐതിഹാസികമായ സമരം അവിടെ അരങ്ങേറിയത്. ഇസ്‌ലാമിക അധ്യായത്തിലെ പ്രഥമ ധര്‍മസമരമായിരുന്നു അത്. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മൂന്നാംരാവില്‍ റസൂല്‍ (സ) 313 അനുയായികളുമായി മദീനയില്‍ നിന്നു പുറപ്പെട്ടു. അബൂസുഫിയാന്റെ നേതൃത്വത്തില്‍ സിറിയയില്‍നിന്നു മടങ്ങുന്ന വമ്പിച്ച വാണിജ്യസംഘത്തെ ഉപരോധിക്കുകയായിരുന്നു ലക്ഷ്യം. വിവരമറിഞ്ഞ വര്‍ത്തകസംഘം നേതാവ് അബൂസുഫിയാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അബൂജഹലിന്റെ നേതൃത്വത്തില്‍ സമരസജ്ജരായി 950 ഖുറൈശി പ്രമുഖര്‍ മദീനയിലേക്കു പുറപ്പെട്ടു. 100 കുതിരപ്പടയാളികളും 700 ഒട്ടകങ്ങളും പടയാളികള്‍ക്കൊപ്പമുണ്ടായിരുന്നു.
യാത്രയില്‍ ദൈനംദിനം പത്തോളം ഒട്ടകങ്ങളെ അറുത്ത് ഭക്ഷണം ഒരുക്കി. മദ്യചഷകങ്ങളും നര്‍ത്തകികളും സംഘത്തില്‍ ഉണ്ടായിരുന്നു. യോദ്ധാക്കളെ ആവേശംകൊള്ളിക്കാന്‍ പാട്ടുകാരികളെയും അവര്‍ ഒരുക്കി. കുടിച്ചു തിമിര്‍ത്ത് കൊട്ടിയാഘോഷിച്ചുള്ള യാത്ര.  മറുവിഭാഗത്താവട്ടെ പയറ്റിത്തെളിഞ്ഞ പടയാളികള്‍ വളരെ ചുരുക്കം.
കേവലം രണ്ടേ രണ്ട് കുതിരകള്‍ മാത്രം. 70 ഒട്ടകങ്ങളില്‍ ഊഴമിട്ട് സഞ്ചരിച്ചായിരുന്നു അവരുടെ യാത. പട്ടിണിപ്പാവങ്ങളായ മുസ്‌ലിംകള്‍ ഒട്ടിയ വയറുമായാണ് വാണിജ്യസംഘത്തെ പ്രതിരോധിക്കാന്‍ പുറപ്പെട്ടത്. യാത്രാമധ്യേ ഞെട്ടിക്കുന്ന ഈ വാര്‍ത്ത അവരുടെ കാതുകളില്‍ പതിച്ചു: അബൂസുഫിയാന്‍ തന്റെ വര്‍ത്തകസംഘത്തോടൊപ്പം അപ്രതീക്ഷിതമായ മറ്റൊരു വഴിയിലൂടെ കടന്നുകളഞ്ഞെന്നും അബൂജഹല്‍ നായകനായി സമരസജ്ജരായ മക്കയിലെ പ്രമുഖര്‍ തങ്ങളെ നേരിടാന്‍ എത്തിയിരിക്കുന്നു എന്നും. അല്ലാഹുവില്‍ അചഞ്ചലമായി വിശ്വസിച്ച മുസ്‌ലിം സൈന്യം പതറിയില്ല. സമരസജ്ജരായി ആയുധമേന്തിയ അരോഗദൃഢഗാത്രരായ, തങ്ങളേക്കാള്‍ മൂന്നിരട്ടി വരുന്ന ശത്രുക്കളെ നേരിട്ടു. ആയുധങ്ങളോ മറ്റു ഭൗതിക ശക്തികളോ അല്ല വിജയത്തിന് നിദാനമെന്നും അവര്‍ ദൃഢമായി വിശ്വസിച്ചു. യാദ്യച്ഛികമായി ബദ്‌റില്‍ അവര്‍ കൂട്ടിമുട്ടി. രൂക്ഷമായ ഘോരസമരത്തിന് ബദ്ര്‍ രണാങ്കണം സാക്ഷിയായി. സമരം ഏറെ ദീര്‍ഘിച്ചില്ല. സേനാധിപനായ അബൂജഹല്‍ ഉള്‍പ്പെടെ 70 പേര്‍ അതിഹീനമായി വധിക്കപ്പെട്ടു. “നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്’ (ആലും ഇംറാന്‍ 123). ലോകം അദ്ഭുതത്തോടെ മുസ്‌ലിംകളുടെ ഈ വിജയം ശ്രവിച്ചു. അറിഞ്ഞവര്‍, അറിഞ്ഞവര്‍ അദ്ഭുതപരതന്ത്രരായി. ലോകത്തെ വിസ്മയിപ്പിക്കുകയും ഇസ്‌ലാമിന്റെ സല്‍പ്പേര് പ്രചരിക്കുന്നതിനും കാരണമായി. ഈ മഹാസംഭവത്തിനു സാക്ഷ്യംവഹിച്ചത് ഹിജ്‌റ രണ്ടാംവര്‍ഷം റമദാന്‍ 17 വെള്ളിയാഴ്ച സുദിനത്തിലായിരുന്നു.
ഇന്ന് പല മഹല്ല് ജമാഅത്തുകളിലും വലിയ തുക സംഭരിച്ച് കന്നുകാലികളെ കശാപ്പ് ചെയ്ത് ബദ്ര്‍ ദിനത്തിന്റെ പേരില്‍ നടമാടുന്ന ബദ്ര്‍ ദിനാഘോഷം ന്യായീകരിക്കപ്പെടാവുന്നതല്ല. മഹല്ല് ജമാഅത്തുകള്‍ വാശിയോടെയും മല്‍സരത്തോടെയും ഈ ആഘോഷം നടത്തിയതുകൊണ്ട് ഉമ്മത്തിനെന്തു നേട്ടം? ബദ്ര്‍ ദിനം സമാഗതമാവുമ്പോള്‍ മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ വലിയ ജനാവലിയെ കൂട്ടി മഹാന്മാരായ ബദ്ര്‍ ത്യാഗികളുടെ ചരിത്രം അവരെ കേള്‍പ്പിക്കുക. അവരെ ഉമ്മത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി യത്‌നിക്കാന്‍ പ്രചോദനം നല്‍കുക. സര്‍വോപരി സാമുദായിക ഐക്യത്തിനു വേണ്ടിയുള്ള എളിയ ശ്രമമെങ്കിലും കാഴ്ചവയ്ക്കുക. യഥാര്‍ഥ മാര്‍ഗങ്ങള്‍ അനുകരിക്കാന്‍ അല്ലാഹു ആധുനികസമൂഹത്തെ തുണയ്ക്കട്ടെ.
Next Story

RELATED STORIES

Share it