Pathanamthitta local

പ്ലാവിലയില്‍ കിരീടം തീര്‍ത്ത് വയലാ വടക്ക് ഗവ. എല്‍പിസ്‌കൂള്‍ വ്യത്യസ്തമായി



കോന്നി: പനയോലകളില്‍ തീര്‍ത്ത സ്വാഗത ബോര്‍ഡുകളുമായി നവാഗതരായ കുരുന്നുകളെ പ്ലാവില കിരീടം ചൂടിച്ച് ജനപ്രതിനിധികളും അധ്യാപകരും സീനിയര്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് അക്ഷരമുറ്റത്തേക്ക് ആനയിച്ചപ്പോള്‍ വയലാ വടക്ക് ഗവ. എല്‍പി സ്‌കൂളില്‍ നടന്ന വള്ളിക്കോട് പഞ്ചായത്തുതല പ്രവേശനോത്സവം കുരുന്നുകള്‍ക്ക് നവ്യാനുഭവമായി. പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കി സ്‌കൂളും പരിസരവും കുരുത്തോലകളും പനയോലകളും കൊണ്ട് അലങ്കരിച്ച് മാറാമ്പ് ചെടിയുടെ ഇലകളില്‍ സ്വാഗത വാക്യങ്ങള്‍ എഴുതി ഭിത്തികളില്‍ പ്രദര്‍ശിപ്പിച്ച് പ്രവേശനോല്‍സവം നടത്തിയപ്പോള്‍ അത് പ്രകൃതിയിലേക്കുള്ള മടക്കത്തിന്റെ ഒരു സന്ദേശമായി മാറുകയായിരുന്നു. രാവിലെ തന്നെ വഴിയിലുടനീളം മുത്തുകുടകള്‍ കൊണ്ട് അലങ്കരിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് പ്രവേശനോത്സവം അവിസ്മരണീയമാക്കിയത്. പിടിഎ പ്രസിഡന്റ് ശിവശങ്കരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിലിമോള്‍ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു നവാഗതരെ സ്വീകരിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി പഠനോപകരണ വിതരണം നിര്‍വഹിച്ചു. 2011 ല്‍ രണ്ടു കുട്ടികള്‍ മാത്രമായി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സ്‌കൂളിനെ നാട്ടുകാരുടെയും അധ്യാപകരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രീ പ്രൈമറി ഉള്‍പ്പെടെ ആരംഭിച്ച് ഇപ്പോള്‍ അമ്പതോളം കുട്ടികള്‍ പഠിക്കുന്ന പഞ്ചായത്തിലെ ഒരു പ്രമുഖ എല്‍പി സ്‌കൂളായി മാറ്റാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.
Next Story

RELATED STORIES

Share it