Flash News

പോലിസുദ്യോഗസ്ഥന്റെ മരണം; ജോര്‍ജ് രാജിവയ്ക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി



ബംഗളൂരു: സിബിഐ കേസെടുത്ത സാഹചര്യത്തില്‍ കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജ് രാജിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് എം കെ ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ടു വ്യാഴാഴ്ചയാണ് ജോര്‍ജിനെതിരേ സിബിഐ കേസെടുത്തത്. മന്ത്രിക്കെതിരായ കേസ് തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്നു സിദ്ധരാമയ്യ പറഞ്ഞു. ജോര്‍ജിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ രാഷ്ട്രീയപ്രേരിതമായിട്ടാണ് കേസെടുത്തത്. മന്ത്രിയെ ശക്തമായി പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗണപതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയാണ് സിബിഐക്കു കൈമാറിയത്. 20 കേന്ദ്രമന്ത്രിമാര്‍ക്കെതിരേ ഗുരുതരമായ ക്രിമിനല്‍ കേസുണ്ടെന്നും ആദ്യം അവര്‍ രാജിവയ്ക്കട്ടെ എന്നും സിദ്ധരാമയ്യ പറഞ്ഞു. എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിമാര്‍ അധികാരത്തില്‍ തുടരുന്നത്. വഞ്ചനയടക്കം നിരവധി കേസുകള്‍ സംസ്ഥാന ബിജെപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയും നേരിടുന്നുണ്ട്. രാഷ്ട്രീയമായി ബിജെപിയെ നേരിടാമെന്നു കോണ്‍ഗ്രസ്സിന് ആത്മവിശ്വാസമുണ്ട്. ജോര്‍ജിന്റെ രാജി ആവശ്യപ്പെടാന്‍ ബിജെപിക്ക് ധാര്‍മികാവകാശമില്ല. ഈ കേസില്‍ ധാര്‍മികതയുടെ പേരില്‍ ജോര്‍ജ് ഒരിക്കല്‍ രാജിവച്ചതാണ്. സമഗ്രമായ അന്വേഷണത്തിനുശേഷം അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതുമാണ്. തുടര്‍ന്നാണ് ജോര്‍ജ് വീണ്ടും മന്ത്രിയായത്- മുഖ്യമന്ത്രി പറഞ്ഞു.ജോര്‍ജിനൊപ്പം മുന്‍ പോലിസ് ഐജി (ലോകായുക്ത) പ്രണവ് മൊഹന്തി, മുന്‍ എഡിജിപി (ഇന്റലിജന്‍സ്) എ എം പ്രസാദ് എന്നിവര്‍ക്കെതിരേയും സിബിഐ കേസെടുത്തിട്ടുണ്ട്. ജൂലൈ ഏഴിനാണ്  ഗണപതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it