wayanad local

പേര്യ ചുരത്തിലെ മാലിന്യം: യാത്രക്കാരെ ദുരിതത്തിലാക്കുന്നു



മാനന്തവാടി: പേര്യ ചുരത്തില്‍ മാലിന്യം കെട്ടികിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചുരമിറങ്ങാന്‍ തുടങ്ങുന്നതു മുതല്‍ അനുഭവപ്പെടുന്ന  അസഹ്യമായ ദുര്‍ഗന്ധത്താല്‍ വലയുകയാണ് യാത്രക്കാര്‍. പ്ലാസ്റ്റിക് ഉള്‍പ്പെടെ  ചാക്കുകണക്കിനു മാലിന്യം ചുരത്തില്‍ കുമിഞ്ഞുകൂടുകയാണ്. ഇത് വന്യജീവികളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കുന്നുണ്ട്. കല്യാണവീടുകളില്‍നിന്നുള്ള മാലിന്യവും അറവുശാലകളില്‍നിന്നുള്ള കോഴിമാലിന്യവുമാണ്   ചുരത്തില്‍ തള്ളുന്നതില്‍ കൂടുതലും. ചുരത്തിലെ രണ്ടാം വളവിനും മൂന്നാം വളവിനുമിടയിലുള്ള കൊക്കയിലേക്ക് ചാക്കുകെട്ടുകളിലാക്കിയാണ് മാലിന്യം നിക്ഷേപിക്കുന്നത്.  മുടിപ്പിന്‍  വളവായതിനാല്‍ മുകളില്‍നിന്ന്  വലിച്ചെറിയുന്ന മാലിന്യം താഴെ റോഡിലും അരികിലുമാണ് പതിക്കുന്നത്. വന്യജീവികളും നിരവധി ആദിവാസി കുടുംബങ്ങളും ആശ്രയിക്കുന്ന ജലസ്രോതസുകളിലടക്കം മാലിന്യം നിറഞ്ഞുകിടക്കുകയാണ്.  വിവിധയിടങ്ങളില്‍ തങ്ങിനില്‍ക്കുന്ന മാലിന്യം മഴ ശക്തമാകുന്നതോടെ ഒഴുകി റോഡിലെത്തും. ഇത് ഇതുവഴിയുള്ള യാത്രകൂടുതല്‍ ദുസഹമാക്കും.ചുരത്തില്‍  പേര്യ 36 കഴിഞ്ഞുള്ള  ഭാഗങ്ങള്‍ ജനവാസം കുറഞ്ഞതാണ്. കോഴിമാലിന്യം ഉള്ളതിനാല്‍ തെരുവുനായ ശല്യവും ചുരത്തില്‍  കൂടുതലാണ്. റോഡില്‍ അലഞ്ഞുതിരിയുന്ന നായകള്‍  വാഹനങ്ങള്‍ക്കു പിറകെ കുരച്ചുചാടുന്നത് നിത്യസംഭവമാണ്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഇതുമൂലം  ഏറെ ബുദ്ധിമുട്ടുന്നത്. പോലിസിന്റെയും വനംവകുപ്പിന്റെയും നിസംഗതയാണ്  ചുരത്തില്‍   മാലിന്യ നിക്ഷേപത്തിനു പ്രോത്സാഹനമാകുന്നതെന്ന് ആരോപണമുണ്ട്. ചുരം തുടങ്ങുന്നതു വരെയുള്ള സ്ഥലങ്ങള്‍ തലപ്പുഴ പോലിസ് സ്‌റ്റേഷന്റെ പരിധിയിലാണ്. കേളകം, പേരാവൂര്‍ പോലിസിന്റെ പരിധിയിലാണ് ബാക്കി ഭാഗങ്ങള്‍. ചുരം പാതയും മൂന്നു പോലിസ് സ്റ്റേഷനുകളുമായി വളരെ അകലമുണ്ട്. അതില്‍നാല്‍ പലപ്പോഴും പോലീസിന്റെ സാന്നിധ്യമില്ല. ഇത് മാലിന്യം തള്ളുന്നവര്‍ മുതലെടുക്കുകയാണ്. കുടുംബവുമായി സഞ്ചരിക്കുന്നവര്‍ നേരമിരുട്ടിയാല്‍ ഇതുവഴി പേടിയോടെയാണ് കടന്നുപോകുന്നത്. ചുരത്തില്‍ ജനവാസം ഇല്ലാത്ത ഭാഗങ്ങളില്‍ പോലിസ് രാത്രി പട്രോളിംഗ് തുടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരളവോളം പരിഹാരമാവും. വനത്തില്‍ അതിക്രമിച്ചു കയറുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡ് റോഡരികില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും  വനം  ഉദ്യോഗസ്ഥരെയും ഇവിടെ  കാണാറില്ല. പേര്യ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന സ്ഥലംവരെ റോഡ് തകര്‍ന്ന നിലയിലാണുള്ളത്. വലിയ കുഴികളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it