thrissur local

പൂരങ്ങളുടെ പൂരം ഇന്ന്

തൃശൂര്‍: തൃശിവപേരൂരില്‍ പൂരങ്ങളുടെ പൂരം ഇന്ന്. നെയ്തലക്കാവിലമ്മ ഇന്നലെ രാവിലെ 11.45ഓടെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് പൂരത്തിന്റെ വിളംബരമറിയിച്ചു.
ഗജരാജന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ശിരസിലേറി നെയ്തലക്കാവിലമ്മ തെക്കേഗോപുര തള്ളിത്തുറന്നപ്പോള്‍ പൂരപ്രേമികള്‍ ആരവത്തോടെയാണ് സ്വീകരിച്ചത്. കനത്തചൂടിനെ കുളിരണിയിച്ചുകൊണ്ടായിരുന്നു ആരാധകരുടെ പ്രിയന്‍ ഗോപുരനട തുറന്നത്. നാളെ ഉച്ചവരെയുള്ള രാപകല്‍ തൃശൂരില്‍ പൂരകാഴ്ചകള്‍ മാത്രം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ പൂരം.
മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ വിഐപികളും ഇത്തവണ പൂരത്തിനെത്തും. വന്‍ ഒരുക്കങ്ങളാണു നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ എഴുന്നള്ളിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പൂരത്തിന്റെ ഭാഗമായി ആനച്ചമയ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു.
പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി വിഭാഗത്തിന്റെ പ്രദര്‍ശനം കൗസ്തുഭം ഹാളിലുമാണ് നടക്കുന്നത്. ചമയപ്രദര്‍ശനം കാണാന്‍ പൂരപ്രേമികളുടെ വലിയ തിരക്കാണ്. പൂരത്തിന്റെ ഭാഗമായുള്ള പൂരം പ്രദര്‍ശനം തേക്കിന്‍കാട് മൈതാനത്ത് നടന്നുവരുന്നു. തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് ഇത്തവണ ചെറിയ ചന്ദ്രശേഖരനും പാറമേക്കാവിന്റെ ശ്രീപത്മനാഭനും.
രാവിലെ കണിമംഗലം ശാസ്താവാണ് ആദ്യ പൂരവുമായെത്തുക. നെയ്തലക്കാവ് ഭഗവതി തുറന്ന തെക്കേഗോപുരനടയിലൂടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്രസന്നിധിയില്‍ പ്രവേശിക്കും. തുടര്‍ന്ന് മറ്റ് ഘടകക്ഷേത്രങ്ങളും വടക്കുന്നാഥ സന്നിധിയിലെത്തും. തിരുവമ്പാടി ഭഗവതി രാവിലെ മഠത്തിലെക്കെഴുന്നള്ളും. തുടര്‍ന്ന് മഠത്തില്‍ വരവ് പഞ്ചവാദ്യം രാവിലെ 11.30ന് ആരംഭിക്കും.
കോങ്ങാട് മധുവിന്റെ പ്രമാണത്തിലാണ് പഞ്ചവാദ്യം. പന്ത്രണ്ട് മണിയോടെ പാറമേക്കാവിലമ്മ എഴുന്നള്ളത്താരംഭിക്കും. എഴുന്നള്ളത്ത് ഇലഞ്ഞിചുവട്ടിലെത്തുമ്പോള്‍ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറമേളത്തിന് തുടക്കമാകും.
മേളമവസാനിച്ചാല്‍ തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും. രാത്രിപൂരവും പുലര്ച്ചയോടെ വെടിക്കെട്ടും നടക്കും. പകല്പൂരത്തിനു  ശേഷം ഉച്ചയോടെ ഉപചാരം ചൊല്ലിപ്പിരിയും തുടര്‍ന്ന് സമാപന  വെടിക്കെട്ടും.
Next Story

RELATED STORIES

Share it