പി ജയരാജന്റെ കസ്റ്റഡി അപേക്ഷ 23ന് പരിഗണിക്കും

തലശ്ശേരി: മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി ജയരാജനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സിബിഐ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ശേഷം ജഡ്ജി വി ജി അനില്‍കുമാര്‍ 23ലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ജയരാജന്റെ രോഗാവസ്ഥ സംബന്ധിച്ചുള്ള മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് ഇന്നലെ കോടതിക്ക് ഫാക്‌സ് വഴി അയച്ചിട്ടുണ്ട്. ഈ റിപോര്‍ട്ട് വിശദമായി പഠിക്കേണ്ടതിനാലാണ് ഹരജി 23ലേക്ക് മാറ്റിയത്.
ജയരാജന്റെ ആരോഗ്യ പുരോഗതിയെ കുറിച്ചുള്ള റിപോര്‍ട്ട് 22ന് നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ജയരാജനെ പരിശോധിക്കുന്ന മെഡിക്കല്‍ സംഘം ഇന്നലെ കോടതിക്ക് ഫാക്‌സ് വഴി അയച്ച റിപോര്‍ട്ടില്‍ അദ്ദേഹത്തിന് നിലവില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് അറിയിച്ചതെന്നാണ് വിവരം. ന്യൂറോ, ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ഫിസിക്കല്‍ മെഡിസിന്‍, ഹൃദ്രോഗ വിദഗ്ധര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് പി ജയരാജനെ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം റിപോര്‍ട്ട് നല്‍കിയത്. ദീര്‍ഘകാലം ഹൃദ്രോഗത്തിന് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ജയരാജന്‍ വിവിധ ഘട്ടങ്ങളില്‍ ആന്‍ജിയോപഌസ്റ്റിക്ക് വിധേയമായിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഹൃദ്രോഗത്തിനു പുറമെ തലകറക്കവും ചെവിയില്‍നിന്ന് നീരൊലിപ്പും ഉണ്ടെന്നും ജയരാജന്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തലച്ചോറും ചെവിയും വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍, അസാധാരണമായതോ അപകട സൂചന നല്‍കുന്നതോ ആയ ഒന്നുമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് കോടതിക്ക് നല്‍കിയ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയതായി അറിയുന്നു. തുടര്‍ച്ചയായി നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറയുന്നുണ്ടെങ്കിലും പരിശോധനയിലൊ നിരീക്ഷണത്തിലൊ ഇസിജിയിലൊ അപായകരമായ എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതിക്ക് നല്‍കിയ റിപോര്‍ട്ടിലുണ്ടെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it