Flash News

പാരിസില്‍ ഇന്ന് തീപ്പൊരി പാറും

പാരിസ്/ ബെര്‍ലിന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ സെമി ഫൈനലിലേക്ക് ഒരു ചുവട്‌വയ്ക്കുകയെന്ന മോഹവുമായി ഫ്രഞ്ച് ജേതാക്കളായ പിഎസ്ജിയും ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നു നേര്‍ക്കുനേര്‍. ഒന്നാം പാദ ക്വാര്‍ട്ടര്‍ ഫൈനലാണ് ഇന്നു പിഎസ്ജിയുടെ ഹോംഗ്രൗണ്ടില്‍ അരങ്ങേറുന്നത്. മറ്റൊരു ക്വാര്‍ട്ടറില്‍ 10 തവണ കിരീടമുയര്‍ത്തിയ സ്പാനിഷ് ഗ്ലാമര്‍ ടീം റയല്‍ മാഡ്രിഡ് ജര്‍മന്‍ ക്ലബ്ബായ വോള്‍ഫ്‌സ്ബര്‍ഗിനെ നേരിടും.
കണക്കുകള്‍  പിഎസ്ജിക്കൊപ്പം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ സിറ്റിയെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പിഎസ്ജി ഇന്നു സ്വന്തം തട്ടകത്തിലേക്കു ക്ഷണിക്കുന്നത്. ഹോംഗ്രൗണ്ടില്‍ ആറു മല്‍സരങ്ങളില്‍ ഒരേയൊരു ഇംഗ്ലീഷ് ടീം മാത്രമേ പിഎസ്ജിയെ കീഴടക്കിയിട്ടുള്ളൂ. 2004ല്‍ ജോസ് മൊറീഞ്ഞോ പരിശീലിപ്പിച്ച ചെല്‍സിയാണ് ഇവിടെ വെന്നിക്കൊടി പാറിച്ചത്. 3-0നായിരുന്നു അന്നു ബ്ലൂസിന്റെ വിജയം.
ചാംപ്യന്‍സ് ലീഗിന്റെ അവസാന മൂന്നു നോക്കൗട്ട്മല്‍സരങ്ങളിലും ഇംഗ്ലീഷ് ക്ലബ്ബുകളായിരുന്നു പിഎസ്ജിയുടെ എതിരാളികള്‍. മൂന്നിലും പിഎസ്ജി ജയത്തോടെ മുന്നേറി. എന്നാല്‍ ഇവയില്‍ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാന്‍ ഫ്രഞ്ച് ടീമിനായില്ല. 1994-95 സീസണില്‍ മാത്രമേ പിഎസ്ജി ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തിയിട്ടുള്ളൂ.
മിന്നുന്ന ഫോമിലുള്ള സ്വീഡിഷ് ഗോളടിവീരന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ തകര്‍പ്പന്‍ ഫോമില്‍ തന്നെയാണ് ഇന്നും പിഎസ്ജിയുടെ പ്രതീക്ഷ. ചാംപ്യന്‍സ് ലീഗില്‍ അവസാനമായി കളിച്ച നാലു കളികളിലും ഇബ്ര സ്‌കോര്‍ ചെയ്തിരുന്നു. വിവിധ ടൂര്‍ണമെന്റുകളിലായി ക്ലബ്ബിനുവേണ്ടി 78 ഗോളുകള്‍ താരം അടിച്ചുകൂട്ടിക്കഴിഞ്ഞു. ഇന്നു സ്‌കോര്‍ ചെയ്യാനായാല്‍ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ പൗലേറ്റയുടെ പേരിലുള്ള 78 ഗോളുകളെന്ന റെക്കോഡ് ഇബ്ര മറികടക്കും.
2008ല്‍ ഒരിക്കല്‍ മാത്രമേ പിഎസ്ജിയും സിറ്റിയും മുഖാമുഖം വന്നിട്ടുള്ളൂ. യുവേഫ കപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു ഇത്. അന്നത്തെ പോരാട്ടം ഗോള്‍രഹിതമായി അവസാനിച്ചിരുന്നു.
2012ല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെ ന്റ് കമ്പനി ടീമിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത ശേഷം പിഎസ്ജി വളര്‍ച്ചയുടെ പാതയിലാണ്. ലോക ഫുട്‌ബോളിലെ വിലപിടിപ്പുള്ള താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് പിഎസ്ജി ഇപ്പോള്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബായി മാറിക്കഴിഞ്ഞു. കഴിഞ്ഞ മാസമാണ് പിഎസ്ജി തുടര്‍ച്ചയായി നാലാം തവണയും ഫ്രഞ്ച് കിരീടം ഉറപ്പിച്ചത്.
അതേസമയം, ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ സിറ്റി എളുപ്പം കീഴടങ്ങാന്‍ ഒരുക്കമല്ല. പരിക്കില്‍ നിന്നു മുക്തരായി ഫ്രഞ്ച് മിഡ്ഫീല്‍ഡ ര്‍ സമീര്‍ നസ്‌റിയും ബെല്‍ജിയം പ്ലേമേക്കര്‍ കെവിന്‍ ഡിബ്രൂയ്‌നും മടങ്ങിയെത്തുന്നത് സിറ്റിയുടെ കരുത്ത് വര്‍ധിപ്പിക്കും.
മികച്ച ജയം ലക്ഷ്യമിട്ട് റയല്‍
ജര്‍മന്‍ ടീമായ വോള്‍ഫ്‌സ്ബര്‍ഗിനെതിരേ ആധികാരിക ജയം നേടാനാവുമെന്ന ആത്മവിശ്വാസത്തോടെയാണ് റയല്‍ ഇന്നു കച്ചമുറുക്കുന്നത്. ഇന്നത്തെ കളി വോള്‍ഫ്‌സ്ബര്‍ഗിന്റെ ഹോംഗ്രൗണ്ടിലാണ്. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ വലിയ നിര തന്നെയുള്ള റയലിന് ജയം നേടാന്‍ സാധിക്കുമെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്.
ശനിയാഴ്ച ചിരവൈരികളായ ബാഴ്‌സലോണയ്‌ക്കെതിരേ നടന്ന സ്പാനിഷ് ലീഗിലെ എല്‍ ക്ലാസിക്കോയില്‍ ജയം നേടാനായത് റയലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം 2-1നായിരുന്നു റയലിന്റെ ജയം. പരിക്കുമൂലം ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയുടെ സേവനം ഇന്നു റയലിനു ലഭിക്കില്ല.
റയലും വോള്‍ഫ്‌സ്ബര്‍ഗും നേര്‍ക്കുനേര്‍ വരുന്ന ആദ്യ മല്‍സരം കൂടിയാണ് ഇന്നത്തേത്.
Next Story

RELATED STORIES

Share it