Flash News

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ച് പരിശോധന: നാലു അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ച് പരിശോധന: നാലു അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍
X

കണ്ണൂര്‍: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തില്‍ നാല്അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്‍വിജിലേറ്റര്‍മാരായി ജോലിയിലുണ്ടായിരുന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലം ടിസ്‌ക് സ്‌കൂള്‍ അധ്യാപികമാരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഒരുമാസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഷീജ, ഷാഹിന, ബിന്ദു, ഷഫീന എന്നിവര്‍ക്കെതിരേയാണ് നടപടി. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയും കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ, ഇന്‍വിജിലേറ്റര്‍മാരായ അധ്യാപികമാരെ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച നടന്ന പരീക്ഷയില്‍ സ്‌കൂളില്‍ ഇന്‍വിജിലേറ്റര്‍മാരായി ഉണ്ടായിരുന്നത് ഇവരാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂള്‍ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ കൂടെ റിപോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാവുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. നീറ്റ് പരീക്ഷയ്‌ക്കെത്തിയ തങ്ങളെ ഇന്‍വിജിലേറ്റര്‍മാര്‍ നിര്‍ബന്ധിച്ച് വസ്ത്രമഴിപ്പിച്ചെന്നാണ് ചില വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍. തങ്ങള്‍ ധരിച്ച അടിവസ്ത്രത്തില്‍ ഷോള്‍ഡറിന് കീഴെ മെറ്റല്‍ ഹുക്ക് കണ്ടുവെന്നാണ് ഇതിനു കാരണമായി അധികൃതര്‍ പറഞ്ഞത്. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍നിന്ന് ബീപ്പ് ശബ്ദമുണ്ടായി. ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ അടിവസ്ത്രത്തിലെ മെറ്റല്‍ ഹുക്കാണെന്നു വ്യക്തമാക്കിയിട്ടും ഇതു മാറ്റാതെ പരീക്ഷയ്ക്കിരുത്തില്ലെന്ന നിലപാടിലായിരുന്നു ഇന്‍വിജിലേറ്റര്‍മാര്‍. തുടര്‍ന്ന് നിര്‍ബന്ധിച്ച വസ്ത്രമഴിപ്പിക്കുകയായിരുന്നു. കുളിമുറിയിലോ മറ്റോ പോയി വസ്ത്രം മാറ്റാമെന്നു പറഞ്ഞപ്പോള്‍ വനിതാ ഇന്‍വിജിലേറ്റര്‍മാരുടെ മുന്നില്‍ നിന്നുതന്നെ വസ്ത്രം മാറ്റണമെന്ന് നിര്‍ബന്ധം പിടിച്ചതായും വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തുന്നു. ഇതിനിടെ ചില വിദ്യാര്‍ഥിനികള്‍ ധരിച്ച വസ്ത്രങ്ങളുടെ കൈ അടക്കമുള്ളവ മുറിച്ചുമാറ്റുകയും ചെയ്തു. പലര്‍ക്കും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ചാണ് പരീക്ഷയെഴുതാന്‍ കഴിഞ്ഞത്. പരീക്ഷാ ഹാളില്‍ മുഴുവന്‍ വനിതാ ഇന്‍വിജിലേറ്റര്‍മാര്‍ ആയിരുന്നെങ്കിലും പരീക്ഷയുടെ സമയം നഷ്ടപ്പെടുമെന്നതിനാല്‍ എല്ലാവരുടെയും മുന്നില്‍വച്ചാണ് വസ്ത്രമഴിപ്പിച്ചതെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. അതിനിടെ, വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പോലിസ് പരാതിക്കാരായ വിദ്യാര്‍ഥിനികളുടെ വീടുകളിലെത്തി മൊഴി രേഖപ്പെടുത്തും.

[related]
Next Story

RELATED STORIES

Share it