malappuram local

നിത്യരോഗിയായ യുവാവിനും കുടുംബത്തിനും പ്ലാസ്റ്റിക് ഷെഡില്‍ ദുരിതജീവിതം

കരുവാരകുണ്ട്: നിത്യരോഗിയായ യുവാവും കുടുംബവും ദുരിത ജീവിതം നയിക്കുന്നു. മലപ്പുറം ജില്ലയിലെ തുവ്വൂര്‍ പഞ്ചായത്തിലെ ആലത്തൂരിലെ കൊറ്റങ്ങോടന്‍ മുഹമ്മദ് റഷീദും (38) കുടുംബവുമാണ് ദുരിതം പേറി കഴിയുന്നത്. ഭാര്യയും ഒന്‍പതും മൂന്നും വയസായ കുട്ടികളുമാണ് റഷീദിനൊപ്പം പ്ലാസ്റ്റിക് ഷെഡില്‍ കഴിയുന്നത്. ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന് ഇപ്പോള്‍ ഒരു ജോലിയും എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രവാസിയായിരിക്കെ റഷീദിന് 2008 ലാണ് ആദ്യമായി അപസ്മാരം ഉണ്ടായത്. തുടര്‍ന്ന് നാട്ടിലേയ്്്ക്കുതിരിച്ച് പോന്നു. ഇടയ്്ക്കിടക്ക് ബോധംകെട്ട് വീഴുന്ന രോഗമായി, അതുമാറുകയും തുടര്‍ന്ന് വിവിധ ചികില്‍സകള്‍ നടത്തുകയും ചെയ്തു. എംആര്‍ഐ സ്‌കാനിങിലാണ് തലച്ചോറിലെ പ്രധാന ഞരമ്പില്‍ രക്തം കട്ടപിടിച്ചിരുക്കുന്നത് കണ്ടെത്തിയത്. ഓപറേഷന്‍ ചെയ്താല്‍ എന്തും സംഭവിക്കാമെന്നാണ് മെഡിക്കല്‍ റിപോര്‍ട്ട്. ദിനംപ്രതി മരുന്ന് വാങ്ങാന്‍ നല്ല തുക വേണം. ചികില്‍സക്ക് ഭീമമായ തുക വരുമെന്നതും നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷയെ കെടുത്തുന്നു. ചില സമയങ്ങളില്‍ നില്‍ക്കുന്നേടത്തു തന്നെ അനങ്ങാതെ നില്‍ക്കും. ഇടയ്്ക്ക് ബോധംകെട്ട് വീഴുന്നതുകൊണ്ട് കൂടെ ആളില്ലാതെ എവിടെ പോകാനും കഴിയില്ല. വീടിനായി തറക്കല്ലിട്ടെങ്കിലും പഞ്ചായത്തില്‍നിന്ന് വീട് ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ കുടുംബത്തിന് ഒന്നും ലഭിച്ചില്ല. സുമനസുകളുടെ സഹായമാണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവനാഡി. 10 വര്‍ഷമായി ഈ കുടുംബം യാതന നിറഞ്ഞ ജീവിതവുമായി കഴിയുന്നു.



Next Story

RELATED STORIES

Share it