നാട് കാത്തിരുന്ന വിധി

കൊച്ചി: കേരളത്തെ ഞെട്ടിച്ച ജിഷാ വധക്കേസില്‍ നാട് കാത്തിരുന്ന വിധിയാണ് ഇന്നലെ ഡിസ്ട്രിക് സെഷന്‍സ് കോടതിയില്‍ നിന്നുമുണ്ടായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതി അമീറിനു വധശിക്ഷ തന്നെ നല്‍കിയത്. ജിഷാ വധത്തെ തുടര്‍ന്നു പോലിസിന്റെ നിഷ്‌ക്രിയതയ്‌ക്കെതിരേ കേരളം മുഴുവന്‍ പ്രതിഷേധത്തിന്റെ അലകളുയര്‍ന്നിരുന്നു. ഒട്ടുമിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും മഹിളാ സംഘടനകളും ജിഷയുടെ ഘാതകനെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. അതിനൊടുവിലാണു പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു കോടതിയില്‍ അവസാന നിമിഷവും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, തനിക്കു വധശിക്ഷ പ്രഖ്യാപിക്കുന്നതു കേള്‍ക്കുമ്പോഴും യാതൊരു ഭാവഭേദവും മുഖത്തുണ്ടായില്ല. പിന്നീട് ദ്വിഭാഷി വിധി വായിച്ചു കേള്‍പ്പിക്കുകയും അഭിഭാഷകന്‍ ആളൂര്‍ അടുത്തെത്തി ഇക്കാര്യം വിശദീകരിക്കുമ്പോഴും അമീറിനു ഭാവമാറ്റമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം തന്നെ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതോടെ ജീവപര്യന്തമോ, വധശിക്ഷ േയാ പ്രതിക്ക് ലഭിക്കുമെന്ന ഏറക്കുറെ എല്ലാവരും ഉറപ്പിച്ചിരുന്നു. പക്ഷേ ദൃക്‌സാക്ഷികളില്ലാത്തതും മറ്റും ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവു ലഭിക്കുമോ എന്ന സംശയവും ഉയര്‍ന്നു. എന്നാല്‍ അത്തരം ആശങ്കയൊക്കെ അസ്ഥാനത്താക്കുന്നതായി കോടതി വിധി. 2016 ഏപ്രില്‍ 28നാണ്് ജിഷ (30)യെന്ന ദലിത് നിയമ വിദ്യാര്‍ഥിനിയെപുറമ്പോക്കിലെ തന്റെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. മോഷണത്തിനിടെ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ പോലിസ് ഭാഷ്യം. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെയാണു മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു വ്യക്തമാവുന്നത്. വിഷയം വിവാദമാക്കാതെ ഒതുക്കാന്‍ ശ്രമിച്ച പോലിസ് നീക്കം പാളി. തുടര്‍ന്നു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍, എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ടീമാണ് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിനെ പിടികൂടിയത്. അതേസമയം ഒരാള്‍ക്കു മാത്രമായി തനിയെ ഇത്രയും നിഷ്ഠുരമായി കൊലപാതകം നടത്താന്‍ സാധിക്കുമോയെന്ന സംശയമാണു വിവിധ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്. പെരുമ്പാവൂരിലെ ആക്ഷന്‍ കൗണ്‍സിലും ഒരു വിഭാഗം നിയമ വിദ്യാര്‍ഥികളും ഇന്നലെയും ഈ സംശ യം ഉന്നയിച്ചു. കോടതി പരിസരത്ത് ഏതാനും നിയമ വിദ്യാര്‍ഥികള്‍ ജിഷാ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടുന്ന പ്ലക്കാര്‍ഡുകളുമായി അണിനിരന്നിരുന്നു. കോടതിവിധിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കൂട്ടുപ്രതികളുണ്ടെ ന്നും അവരെക്കൂടി കണ്ടെത്തണമെന്നുമാണു ഇവര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it