Gulf

ദേശീയ ദിനം കെങ്കേമമാക്കാന്‍ രാജ്യമൊരുങ്ങി; തെരുവുകളും വീടുകളും അമീറിന്റെ ചിത്രവും പതാകയും കൊണ്ടു നിറഞ്ഞു

ദോഹ: ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനം കെങ്കേമമാക്കാന്‍ രാജ്യം ഒരുങ്ങി. തെരുവുകളിലും വീടുകളിലും പൊതു-സ്വകാര്യ കെട്ടിടങ്ങളിലുമെല്ലാം ഖത്തര്‍ പതാക(അദ്ഹം)യും അമീറിന്റെ ചിത്രങ്ങളും കൊണ്ടുനിറഞ്ഞു. ദേശീയ ദിനാഘോഷത്തോടുള്ള ജനങ്ങളുടെ വര്‍ധിച്ച താല്‍പര്യമാണ് സ്വദേശി, വിദേശി ഭേദമില്ലാതെ രാജ്യമൊട്ടാകെ നേരത്തെയുള്ള ഒരുക്കങ്ങള്‍ സൂചിപ്പിക്കുന്നത്. ഖത്തര്‍ പതാകകള്‍ പ്രാദേശിക മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് പതാക ലഭ്യമാകുന്നത്. വാഹനങ്ങളിലും മറ്റും ഖത്തര്‍ കൊടി സ്ഥാപിക്കാനും പതാകയുടെ സ്റ്റിക്കറുകള്‍ പതിക്കാനും ആരംഭിച്ചിട്ടുണ്ട്.
എന്നത്തേക്കാളും ആവേശത്തോടെയാണ് ഖത്തര്‍ ജനത ഇത്തവണത്തെ ദേശീയ ദിനത്തെ സ്വീകരിച്ചിരിക്കുന്നത്. ഖത്തറിന്റെ ചരിത്രവും പാരമ്പര്യവും മനസിലാക്കാന്‍ പുതുതലമുറക്ക് ലഭിച്ച അവസരമാണ് ദേശീയ ദിന ആഘോഷങ്ങളെന്ന് സ്വദേശികള്‍ അഭിപ്രായപ്പെട്ടു.
ഒരാഴ്ച മുമ്പെ ദര്‍ബ് അല്‍സാഇയില്‍ ആഘോഷത്തിനു തുടക്കമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളും കുടുംബങ്ങളും ദര്‍ബ് സാഇയിലേക്ക് ഒഴുകി. മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും പവലിയനുകള്‍ കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ദര്‍ബ് സാഇയില്‍ അരങ്ങേറുന്നത്. മന്ത്രിമാരടക്കം പ്രമുഖ വ്യക്തികള്‍ ദിവസവും ദര്‍ബ് സാഇയില്‍ സന്ദര്‍ശിക്കുകയും വിവിധ പരിപാടികള്‍ക്കും പ്രദര്‍ശനത്തിനും തുടക്കമിടുകയും ചെയ്യുന്നു. വലിയൊരു മാധ്യമപ്പടയും ഇവിടെ തമ്പടിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ വ്യത്യസ്ത ഗോത്രങ്ങള്‍ക്കിടയില്‍ പരമ്പരാഗത തനിമയോടു കൂടിയ ദേശീയ ദിനാഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഖത്തര്‍ ചരിത്രത്തിന്റെ നാള്‍വഴികളും ഗോത്ര പാരമ്പര്യ മഹിമയും മേളിക്കുന്ന സമ്മോഹന മുഹൂര്‍ത്തങ്ങളാണ് ഓരോ ഗോത്രങ്ങളുടെയും ആഘോഷങ്ങളില്‍ നിറയുന്നത്.
Next Story

RELATED STORIES

Share it