ദേശീയപാത: തലപ്പാറ-ചേളാരി സര്‍വേ പൂര്‍ത്തിയാക്കി; അനിഷ്ട സംഭവങ്ങളില്ല

തിരൂരങ്ങാടി: വന്‍ സുരക്ഷയ്ക്കിടയിലും നേരിയ സംഘര്‍ഷത്തോടെ തലപ്പാറ ചേളാരി വരെയുള്ള ഭാഗങ്ങളില്‍ ദേശീയപാത സര്‍വേ പൂര്‍ത്തിയാക്കി. ഇന്നലെ കാലത്ത് 7 മണിക്ക് ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സന്നാഹത്തോടെയാണ് സ്ഥലമെടുപ്പ് സര്‍വേ നടത്തിയത്. തലപ്പാറ, വെളിമുക്ക്, പടിക്കല്‍, ചേളാരി ഭാഗങ്ങളില്‍ നാലു ടീമുകളായാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.
അതേസമയം, ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ തിരൂരങ്ങാടി പോലിസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പി അബ്ദുല്‍ ഹമീദ് എംഎല്‍എ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ വിട്ടയച്ചു. പാറായി കോയിപറമ്പത്ത് ഇര്‍ഷാദലി (28), കോഴിശ്ശേരി പെരിക്കാങ്ങല്‍ അബ്ദുല്‍ അസീസിന്റെ മകന്‍ ആദില്‍ ഹസന്‍ (21) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചത്.
ചേളാരിയിലും സര്‍വേക്കിടെ ചെറിയ തോതില്‍ ബഹളമുണ്ടായെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് സ്‌ട്രൈക്കര്‍ ഫോഴ്‌സ് ഉള്‍പ്പെടെ 350ഓളം പോലിസുകാരെ നിയോഗിച്ചിരുന്നു. തെക്കേപടിക്കല്‍ നാട്ടുകാരും പോലിസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. നേരത്തേ ഉണ്ടായിരുന്ന അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതോടെ ഭൂമിയും വീടും കെട്ടിടങ്ങളും നഷ്ടപ്പെടുമായിരുന്ന പലരുടേതും പുതിയ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടിട്ടില്ല. പകരം പുതിയ ആളുകള്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. വെളിമുക്ക് പള്ളിയുടെ ഖബര്‍സ്ഥാനിലെ സ്ഥലം നഷ്ടപ്പെടുന്നത് കുറഞ്ഞിട്ടുണ്ട്.
അതേസമയം, വികെസി കമ്പനിയുടെ തലപ്പാറയിലെ ഭൂമി ദേശീയപാത വികസനത്തിന് ആവശ്യമെങ്കില്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വികെസി മമ്മദ് കോയ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത് തനിക്കു വേണ്ടിയാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് വസ്തുത മനസ്സിലാക്കാത്തതുകൊണ്ടാണ്.
സ്ലിപോണ്‍സ് കമ്പനി പ്രവര്‍ത്തിക്കുന്ന തലപ്പാറയില്‍ 68 സെന്റ് ഭൂമി മാത്രമാണ് കമ്പനിക്കുള്ളത്. 5.5 ഏക്കറുണ്ടെന്ന പ്രചാരണമാണ് നടക്കുന്നത്. ആവശ്യമെങ്കില്‍  കമ്പനി മാറ്റി സ്ഥാപിക്കാന്‍ തയ്യാറാണ്. മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it