ദീപിക മുന്‍ ചീഫ് എഡിറ്റര്‍ വിക്ടര്‍ നരിവേലി അന്തരിച്ചു

കോട്ടയം: ദീപിക മുന്‍ ചീഫ് എഡിറ്റര്‍ റവ. ഡോ. വിക്ടര്‍ നരിവേലി സിഎംഐ (79) അന്തരിച്ചു. 17 വര്‍ഷം ദീപികയില്‍ ചീഫ് എഡിറ്ററായും തുടര്‍ന്ന് മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നു രാവിലെ 8.30ന് പാലാ മുത്തോലി സെന്റ് ആന്റണീസ് സിഎംഐ ആശ്രമത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്‌കരിക്കും.
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്)യുടെ കേരളഘടകം അധ്യക്ഷനായി രണ്ടുവട്ടം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ പത്രപ്രവര്‍ത്തന രംഗത്ത് ആദ്യമായി ഫോട്ടോ കംപോസിങും ഓഫ്‌സെറ്റ് പ്രസ്സും കളര്‍ പ്രിന്റിങും ആരംഭിച്ചത് ഇദ്ദേഹത്തിന്റ കാലഘട്ടത്തില്‍ ദീപികയിലായിരുന്നു.ഷിക്കാഗോയിലെ ലയോള യൂനിവേഴ്‌സിറ്റിയില്‍നിന്നു രാഷ്ട്രമീമാംസയില്‍ എംഎയും ഇല്ലിനോയി യൂനിവേഴ്‌സിറ്റിയില്‍നിന്നു പത്രപ്രവര്‍ത്തനത്തില്‍ എംഎസ് ബിരുദവും നേടിയിട്ടുണ്ട്. പിന്നീട് നോട്ടര്‍ഡാം സര്‍വകലാശാലയില്‍നിന്നു രാഷ്ട്രമീമാംസയില്‍ ഡോക്ടറേറ്റുമെടുത്തു. കേരള സര്‍വകലാശാല സെനറ്റ് അംഗമായും ബംഗഌരു ധര്‍മാരാം കോളജില്‍ തത്വശാസ്ത്ര പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പാലാ കൊഴുവനാല്‍ നരിവേലില്‍ പരേതരായ സ്‌കറിയ-അന്നമ്മ ദമ്പതികളുടെ മകനായി 1936ലാണ് ജനനം. മാന്നാനം, മുത്തോലി, അമ്പഴക്കാട് മൈനര്‍ സെമിനാരികളില്‍ പ്രാഥമിക വൈദികപഠനവും പൂന പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഉപരിപഠനവും നടത്തി. 1964 ഏപ്രില്‍ ആറിനു വൈദികനായി. 1970 മുതല്‍ 74 വരെയാണ് ദീപികയില്‍ ചീഫ് എഡിറ്ററായത്. 1978 മുതല്‍ 87 വരെ മാനേജിങ് എഡിറ്ററായും സേവനം ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനി രൂപീകരണത്തിനുശേഷം 1989 മുതല്‍ 92 വരെ വീണ്ടും ചീഫ് എഡിറ്ററായി. ദീപികയില്‍ നിന്നു വിരമിച്ചശേഷം 17 വര്‍ഷം അമേരിക്കയിലെ ഫ്‌ളോറിഡയിലെ സെന്റ് ഓഗസ്റ്റിന്‍ രൂപതയിലും പ്രവര്‍ത്തിച്ചു. സഹോദരന്‍: പരേതനായ എന്‍ സി മാത്യു (റിട്ട. മാനേജര്‍, കാത്തലിക് സിറിയന്‍ ബാങ്ക്).
Next Story

RELATED STORIES

Share it