ദരായ ബോംബാക്രമണം: അസദിനെതിരേ വ്യാപക വിമര്‍ശനം

ദമസ്‌കസ്: ദരായ ബോംബാക്രമങ്ങളില്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരേ വ്യാപക വിമര്‍ശനം. സിറിയന്‍ തലസ്ഥാനം ദമസ്‌കസിനു സമീപം ദരായയില്‍ യുഎന്‍, റെഡ് ക്രസന്റ് സംഘങ്ങളുടെ ഭക്ഷ്യസഹായ വിതരണം അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു സര്‍ക്കാര്‍ അനുകൂലികളുടെ ബാരല്‍ ബോംബ് ആക്രമണങ്ങള്‍.
സര്‍ക്കാരിന്റെ ഉപരോധം തുടരുന്ന ദരായയില്‍ നാലു വര്‍ഷത്തിനിടെ ആദ്യമായായിരുന്നു കഴിഞ്ഞ ദിവസത്തെ ഭക്ഷ്യ വിതരണം. യുഎന്‍ റെഡ് ക്രസന്റ് സംഘങ്ങള്‍ തിരിച്ചുപോയശേഷം ഹെലികോപ്റ്ററിലെത്തിയ സര്‍ക്കാര്‍ സൈന്യം ബാരല്‍ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു.
ആക്രമണത്തെ അപലപിക്കുന്നതായി യുഎന്‍ അറിയിച്ചു. വിശക്കുന്ന പൗരന്‍മാര്‍ക്ക് കാത്തിരിപ്പിനൊടുവില്‍ ഭക്ഷ്യസഹായം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അസദ് സര്‍ക്കാര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധമറിയിക്കുന്നതായും യുഎന്‍ വ്യക്തമാക്കി.
വിമതമേഖലകളില്‍ ആക്രമണങ്ങള്‍ തുടരുന്ന സിറിയന്‍ സര്‍ക്കാര്‍ നടപടിക്കെതിരേ ഫ്രാന്‍സും വിമര്‍ശനമുയര്‍ത്തി. വാക്കുകള്‍ക്കപ്പുറത്താണ് അസദ് സര്‍ക്കാരിനെതിരായ രോഷമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് മാര്‍ക് അയ്‌റോ പറഞ്ഞു. ഏതു സാഹചര്യത്തിലായാലും ആക്രമണം അംഗീകരിക്കാനാവില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക് ടോണര്‍ പ്രതികരിച്ചു.
ബോംബാക്രമണം കടുത്ത ക്രൂരതയാണെന്ന് യുഎന്നിലെ ബ്രിട്ടിഷ് അംബാസഡര്‍ മാത്യു റയോട്ട് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it