Pathanamthitta

തോട്ടം തൊഴിലാളികള്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത ഉപരോധിച്ചു

കൂടല്‍/പുതുക്കട/പത്തനംതിട്ട: സേവനവേതന വര്‍ധനആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍  തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ നാലാം ദിവസവും ജില്ലയിലെ തോട്ടം മേഖല നിശ്ചലമായി. പണിമുടക്കിയ തൊഴിലാളികള്‍ പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. കൂടലില്‍ പണിമുടക്കിയ തൊഴിലാളികള്‍ നെടുമണ്‍കാവില്‍ നിന്നും പ്രകടനമായെത്തി പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത ഉപരോധിച്ചു. ഇതോടെ രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.

സമരം സി.പി.എം. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഇളമണ്ണൂര്‍ രവി അധ്യക്ഷത വഹിച്ചു. ട്രേഡ് യൂനിയന്‍ നേതാക്കളായ കെ മോഹന്‍കുമാര്‍, പൂതംങ്കര ഹരികുമാര്‍, വിലങ്ങുപാറ സുകുമാരന്‍, കെ കെ ശ്രീധരന്‍, എ എന്‍ സലീം, വി ജെ തങ്കപ്പന്‍, ഉഷകുമാരി നേതൃത്വം നല്‍കി. സമരത്തില്‍ പി.സി.കെ. കൊടുമണ്‍, എ.വി.ടി. രാജഗിരി, ചന്ദനപ്പള്ളി എസ്റ്റേറ്റില്‍ നിന്നുമുള്ള 1700 ഓളം തൊളിലാളികള്‍ പങ്കെടുത്തു. ഉപരോധ സമരം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് തൊഴിലാളികളില്‍ ഒരു വിഭാഗം മന്ത്രി ഷിബു ബോബി ജോണിന്റെ കൊലം കത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍  തോട്ടം തൊഴിലാളികളോട് നിഷേധാല്‍മക നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം. ഇത് സര്‍ക്കാര്‍ അനുകൂല തൊഴിലാളി സംഘടനകളുടെ ഭാഗത്ത് നിന്നും ചെറിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.

സമര രംഗത്ത് സ്ത്രീ തൊഴിലാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി.  ഇപ്പോള്‍ നടക്കുന്ന സമരം സൂചനയാണെന്ന് വ്യക്്തമാക്കിയ തൊഴിലാളികള്‍ വരും ദിവസങ്ങളില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. റാന്നി താലൂക്കിലെ ഹാരീസണ്‍ മലയാളം തോട്ടത്തിലെ തൊഴിലാളികള്‍ പണിമുടക്കി പ്രകടനമായെത്തി പെരുനാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം സി.പി.എം. ജില്ലാ കമ്മറ്റിയംഗം പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.

500ല്‍ അധികം തൊഴിലാളികള്‍ സംബന്ധിച്ചു. ട്രേഡ് യൂനിയന്‍ നേതാക്കളായ വി കെ വാസുദേവന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സജി, വിവിധ യൂനിയനുകളുടെ കണ്‍വീനര്‍മാരായ സണ്ണി, ആനന്ദന്‍, ബഷീര്‍, ബിനു, എസ് എസ് സുരേഷ്, കെ പി സജി പ്രകടനത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളായ കൊടുമണ്‍, ചന്ദനപ്പള്ളി, തണ്ണിത്തോട് എസ്റ്റേറ്റുകളിലും ഹാരീസണ്‍ മലയാളം കമ്പനിയുടെ കുമ്പഴ, ളാഹ, കല്ലേലി എസ്റ്റേറ്റുകളിലും എ.വി.ടി. മിഡ്‌ലാന്‍ഡ് റബര്‍ ആന്‍ഡ് പ്രോഡക്ട് കമ്പനി ലിമിറ്റഡിന്റെ പെരുനാട്, രാജഗിരി എസ്റ്റേറ്റുകളും ചെമ്മാനി, പുന്നമൂട് സ്‌കൈ ഗ്രീന്‍ പോലെയുള്ള ചെറിയ തോട്ടങ്ങളും നാലാം ദിവസത്തെ പണിമുടക്കിലും സ്തംഭിച്ചു. പണിമുടക്കിയ തോഴിലാളികള്‍ എസ്‌റ്റേറ്റ് കാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ നേതാക്കളായ സി ഐ ടി യു നേതാവ് സോമരാജന്‍, പി ആര്‍ രാമചന്ദ്രന്‍പിള്ള, പി ഷംസുദീന്‍, സന്തോഷ്, പി എ രാജു, സാവിത്രി, ജിജി, ഐ.എന്‍.ടി.യു.സി. നേതാവ് കൊടുമണ്‍ ഗോപിനാഥന്‍, എ കെ രാജു, പി കെ ഗോപി, അങ്ങാടിക്കല്‍ വിജയകുമാര്‍, കെ പി സഹദേവന്‍, ഹരികുമാര്‍ പുതങ്കര സംസാരിച്ചു.
Next Story

RELATED STORIES

Share it