Flash News

തെറ്റ് തിരുത്തുന്നതാണ് കമ്മ്യൂണിസ്റ്റ് രീതി : പന്ന്യന്‍ രവീന്ദ്രന്‍



കണ്ണൂര്‍: തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്നതാണ് കമ്മ്യൂണിസ്റ്റ് രീതിയെന്നും അതിനുവേണ്ടി തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമാണെന്നും സിപിഐ ദേശീയ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എണ്ണത്തിലല്ല, നിലപാടുകളിലാണു കാര്യം. ശരിയല്ലാത്ത നിലപാടുകള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് തിരുത്താനുള്ള പ്രവര്‍ത്തനങ്ങളും സമരപരിപാടികളും വേണം. ഇടതുമുന്നണി നിലനില്‍ക്കേണ്ടത് സിപിഐയുടെ ഉത്തരവാദിത്തമാണ്. കാരണം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനപ്രകാരം കേരളത്തില്‍ പി കെ വി മുഖ്യമന്ത്രിസ്ഥാനം ത്യജിച്ച് ഉണ്ടാക്കിയ പ്രസ്ഥാനമാണ് ഇടതുമുന്നണി. മതത്തിന്റെയും ജാതിയുടെയും പേരില്‍ നിലനില്‍ക്കുന്ന പാര്‍ട്ടികളും അഴിമതി തൊഴിലാക്കിയ പാര്‍ട്ടികളും ഇല്ലാത്തതും മതനിരപേക്ഷവുമായ മുന്നണിയാണ് ഇടതുമുന്നണി. അത് നിലനില്‍ക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. ഇടതുമുന്നണിയില്‍ തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ മുന്നണി തകരാന്‍ പോവുന്നു എന്ന ചിലരുടെ വ്യാമോഹം അടിസ്ഥാനമില്ലാത്തതാണ്. വിദ്യാഭ്യാസം കച്ചവടമാക്കിയ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിന്ന് ഏറെ വ്യത്യസ്തമായി പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. കുത്തഴിഞ്ഞ നിലയിലായിരുന്ന വിദ്യാഭ്യാസരംഗത്ത് കൃത്യമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്. ഇന്റേണല്‍ അസസ്‌മെന്റ് ഉള്‍പ്പെടെ സ്വാശ്രയ കോളജുകളിലെ കൊള്ളരുതായ്മകള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it