kozhikode local

തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വന്‍ വിജയം നേടും: ഉഴവൂര്‍ വിജയന്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ചരിത്ര വിജയം തന്നെ നേടുമെന്ന് നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. കേവലം നാലു വോട്ടുകള്‍ക്ക് വേണ്ടി എല്‍ഡിഎഫ് ആരുടെയും മുമ്പില്‍ മുട്ടുമടക്കില്ലെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ട പണം ചെലവഴിക്കുന്നത് അദാനിയാണെന്നും അദ്ദേഹം ആരോപിച്ചു. അമിത് ഷായുടെ കേരളത്തിലെ ഏജന്റായാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് പിളരുകയും സര്‍ക്കാര്‍ തകരുകയും ചെയ്യും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്നുള്ള കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ തന്നെ ഭിന്നത രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സുധീരന്റെയും ചെന്നിത്തലയുടെയും പ്രസ്താവനകള്‍ ഇത് അടിവരയിടുന്നു. സാമുദായിക സംഘടനകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും വര്‍ഗീയ വികാരം ഇളക്കിവിടുന്നതിന് തയ്യാറല്ലെന്നുമുള്ള എന്‍എസ്എസ് നിലപാടിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സാമുദായിക സംഘടനകള്‍ സമുദായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പകരം മതവിദ്വേഷം പരത്തുന്നതിനുള്ള ഏജന്‍സികളായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ വര്‍ഗീയ വാദികളുടെ പരീക്ഷണശാലയാക്കി മാറ്റാന്‍ അനുവദിക്കില്ല. സംസ്ഥാനത്ത് നിത്യേപയോഗ സാധനങ്ങളുടെ വിലവര്‍ധന സര്‍വകാല റിക്കോഡ് ഭേദിച്ച് മുന്നോറുകയാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തുട നീളം പ്രചാരണം നടത്തുകയാണെന്നും ഉഴവൂര്‍ വിജയന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it