ജൈവവൈവിധ്യ പരിപാലനം; തദ്ദേശസ്ഥാപനങ്ങളില്‍ സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം

എം പി അബ്ദുല്‍ സമദ്

കണ്ണൂര്‍: സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജൈവവൈവിധ്യ പരിപാലന സമിതികള്‍ (ബിഎംസി) പുനര്‍രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ത്രിതല തിരഞ്ഞെടുപ്പോടെ നിലവിലുള്ള സമിതികളുടെ ഭരണകാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മൂന്നിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതു പരിഗണിച്ചാണു നടപടി.
തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരമേറ്റതിന്റെ പശ്ചാത്തലത്തില്‍ മൂന്നുമാസത്തിനകം ജൈവവൈവിധ്യ പരിപാലന സമിതികള്‍ പുനര്‍രൂപീകരിക്കണം. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും തദ്ദേശഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ എസ് ശോഭന പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
എട്ടംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയില്‍ ആറുപേര്‍ നാമനിര്‍ദേശം ചെയ്യപ്പെടും. ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രസിഡന്റും നഗരസഭകളില്‍ ചെയര്‍മാനുമാണ് സമിതിയുടെ ചെയര്‍മാന്‍. സെക്രട്ടറിമാര്‍ സമിതിയിലെ മെംബര്‍ സെക്രട്ടറിമാരാവും.
നാമനിര്‍ദേശം ചെയ്യുന്നവരില്‍ നാലുപേര്‍ പൊതുവിഭാഗത്തില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരോ മറ്റു മേഖലയിലെ വിദഗ്ധരോ ആവാം. ഒരാള്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ നിന്നായിരിക്കണം. മറ്റൊരാള്‍ സ്ത്രീയും. പട്ടികജാതി-വര്‍ഗ അംഗം സ്ത്രീയാണെങ്കില്‍ പൊതുവിഭാഗത്തില്‍നിന്ന് അഞ്ചുപേരെ ഉള്‍പ്പെടുത്താം. 2002ലെ ജൈവവൈവിധ്യ ആക്ട് പ്രകാരമാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജൈവവൈവിധ്യ പരിപാലന സമിതികള്‍ രൂപീകൃതമായത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന ജൈവവൈവിധ്യ സംബന്ധമായ എല്ലാ കാര്യങ്ങളും തീരുമാനിക്കാനുള്ള അധികാരം ബിഎംസിക്കാണ്. 2003 ഫെബ്രുവരി 5ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയ ജൈവവൈവിധ്യ നിയമം (2002) അനുസരിച്ച് കേന്ദ്രത്തില്‍ ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംസ്ഥാനങ്ങളില്‍ ജൈവവൈവിധ്യ ബോര്‍ഡുകളും പ്രാദേശിക തലത്തില്‍ ജൈവവൈവിധ്യ പരിപാലന സമിതികളും പ്രവര്‍ത്തിച്ചുവരുന്നു.
എന്നാല്‍, മിക്ക പഞ്ചായത്തുകളിലും സമിതികള്‍ പേരിനു മാത്രമാണ്. ജൈവവൈവിധ്യ രജിസ്റ്ററുകള്‍ തയ്യാറാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. കൂടാതെ, സ്‌കൂള്‍, പ്രാദേശികതലങ്ങളില്‍ ജൈവവൈവിധ്യ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിയമം നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it