ജേക്കബ് തോമസിനെതിരേ വിമര്‍ശനവുമായി ഹസന്‍

തിരുവനന്തപുരം: പല അഴിമതിക്കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ള ഡിജിപി ജേക്കബ് തോമസ് അഴിമതിക്കെതിരേ പറയുന്നത് ചെകുത്താന്‍ വേദമോതുന്നതു പോലെയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍. സര്‍ക്കാര്‍ നയത്തിനെതിരെ പറയുന്ന ഉദ്യോഗസ്ഥന്‍ ആരായിരുന്നാലും നിലയ്ക്കുനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 30 വര്‍ഷം സര്‍വീസിലുണ്ടായിരുന്നിട്ടും പ്രവൃത്തിയിലൂടെ അഴിമതിക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാത്ത വ്യക്തി സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുന്നതിന് പകരം ആത്മാര്‍ഥതയുണ്ടെങ്കില്‍ രാജിവച്ച് പുറത്തുവന്നാണ് ഇതൊക്കെ പറയേണ്ടത്. ജേക്കബ് തോമസ് എല്ലാം തികഞ്ഞ ഉദ്യോഗസ്ഥനല്ലെന്ന് ഡിജിപി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എറണാകുളത്ത് സിറ്റി പോലിസ് കമ്മിഷണറായിരുന്നപ്പോഴും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംഡിയായിരുന്നപ്പോഴും ചെയ്ത കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. തുറമുഖ ഡയറക്ടറായിരുന്നപ്പോഴും കെടിഡിഎഫ്‌സി എംഡിയായിരുന്നപ്പോഴും നടത്തിയ വഴിവിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗവും വിജിലന്‍സും അന്വേഷിക്കുകയാണ്. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ഉദ്യോഗസ്ഥനെ എന്തുചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും ഹസന്‍ പറഞ്ഞു.ബിജു രാധാകൃഷ്ണന്റെ സിഡിയെ വിശ്വസിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട വിഎസ് അച്യുതാനന്ദന്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷനേതൃസ്ഥാനം ഒഴിയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it