malappuram local

ജാമ്യ വ്യവസ്ഥാ ലംഘിക്കുന്നവര്‍ക്കെതിരേ രജിസ്റ്റര്‍ സംവിധാനവുമായി പോലിസ്‌

റജീഷ് കെ സദാനന്ദന്‍ഞ്ചേരി: വിവിധ കേസുകളില്‍ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങുന്ന പ്രതികളെ കുരുക്കാന്‍ സംസ്ഥാന പോലിസ് ജാമ്യ വ്യവസ്ഥ രജിസ്റ്റര്‍ സംവിധാനം കാര്യക്ഷമമാക്കുന്നു. പോലീസ് സ്റ്റേഷനുകള്‍, സര്‍ക്കിള്‍ ഓഫീസുകള്‍, സബ് ഡിവിഷണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജാമ്യവ്യവസ്ഥ രജിസ്റ്റര്‍ സൂക്ഷിക്കാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്—നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുറ്റവാളികള്‍ ജാമ്യം ലഭിച്ച ശേഷം ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. സ്റ്റേഷനുകളില്‍ നിലവിലുള്ള ഈ രജിസ്റ്റര്‍ സംവിധാനം സേനയിലെ അംഗബലക്കുറവിന്റെ പശ്ചാത്തലത്തില്‍ എത്രമാത്രം കാര്യക്ഷമമാവുമെന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ 437-ാം വകുപ്പുപ്രകാരം കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതിയും കീഴ്—ക്കോടതികളും മിക്ക കേസുകളിലും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത്. ജാമ്യം ലഭിക്കുന്ന വ്യക്തി കൃത്യമായ ഇടവേളകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നതും കേസുകളുടെ സ്വഭാവമനുസരിച്ച് ജാമ്യവ്യവസ്ഥയുടെ ഭാഗമാണ്. എന്നാല്‍ ജാമ്യത്തിലിറങ്ങി പ്രതികള്‍ മുങ്ങുന്ന സംഭവങ്ങള്‍ വ്യാപകമാണ്. വിചാരണ സമയത്ത് ഇവര്‍ കോടതികളില്‍ ഹാജരാകാത്ത സംഭവങ്ങളും ഉണ്ട്്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ വിവരം ഗവണ്‍മെന്റ് പ്ലീഡറോ പബ്—ളിക് പ്രോസിക്യൂട്ടറോ മുഖേന അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിച്ച് ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിയമം. പോലിസ് സ്‌റ്റേഷനുകളിലെ ജാമ്യവ്യവസ്ഥ രജിസ്റ്റര്‍ അടിസ്ഥാനമാക്കിയാണ് ഈ നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ സ്റ്റേഷനുകളില്‍ ഈ രജിസ്റ്റര്‍ സംവിധാനം നിര്‍ജീവമാണ്.  പ്രതികളുടെ ഹാജര്‍ പരിശോധിക്കാന്‍ നിലവിലെ അംഗബലമനുസരിച്ച് സ്‌റ്റേഷനുകളില്‍ സാധിക്കുന്നില്ലെന്ന പരാതിയാണ് പോലിസുകാര്‍ക്കിടയില്‍ തന്നെയുള്ളത്. ഇത് കേസുകളുടെ തുടര്‍ നടപടികളെ ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാന പോലിസ് മേധാവിയുടെ പുതിയ നിര്‍ദേശം.സ്റ്റേഷന്‍ റൈറ്റര്‍മാര്‍ക്കാണ് ജാമ്യവ്യവസ്ഥ രജിസ്റ്റര്‍ സൂക്ഷിക്കാന്‍ ചുമതല. ജാമ്യവ്യവസ്ഥ രജിസ്റ്റര്‍ എല്ലാ സ്റ്റേഷനുകളിലും കൃത്യമായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പദ്ധതിയുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ നിലവിലെ സേനാംഗങ്ങളെ ഉപയോഗിച്ചുള്ള കര്‍മ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it