kannur local

ജനവാസ മേഖലയെ വിറപ്പിച്ച കാട്ടാനയെ 16 മണിക്കൂറിനു ശേഷം തുരത്തി

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ഹാജി റോഡിലിറങ്ങി നാട്ടുകാരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ കാട്ടാനയെ 16 മണിക്കൂറിന് ശേഷം ജനവാസ മേഖലയില്‍നിന്ന് തുരത്തി. ആനയെ വനത്തിലേക്ക് കയറ്റിവിട്ടതായി വനം വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തുമ്പോള്‍ ആനയെ ആറളം ഫാമിന്റെ അധീനതയിലുള്ള കൃഷിയിടത്തിലേക്കാണ് കയറ്റിവിട്ടതെന്നാണ് ഫാം അധികൃതരുടെ ആരോപണം. ഫാം അധികൃതരുടെ ആരോപണത്തെ ശരിവയ്ക്കുംവിധം കഴിഞ്ഞ രാത്രി ഒന്നാം ബ്ലോക്കിലെ മുപ്പതോളം കൂറ്റന്‍ തെങ്ങുകള്‍ കാട്ടാന കുത്തിവീഴ്ത്തി.
ആന ഫാമിന്റെ അധീനതയിലുള്ള കൃഷിയിടത്തില്‍ തന്നെ ഉണ്ടെന്നാണ് തൊഴിലാളികളും കാവല്‍ക്കാരും പറയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഴക്കുന്നിലെ ജനവാസ മേഖലയില്‍ കാട്ടാനയെ കണ്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ആന പശുവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.
പോലിസും വനംവകുപ്പും സുരക്ഷാ നിര്‍ദേശം നില്‍കി പ്രദേശത്തെ റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ആനയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ കലിപൂണ്ട ഒറ്റയാന്‍ ജനങ്ങള്‍ക്കുനേരെ പാഞ്ഞടുത്തത് ആശങ്കയുണ്ടാക്കി. വനംവകുപ്പിന്റെ ജീപ്പുയര്‍ത്തി താഴെയിട്ടു. ഡ്രൈവറും രണ്ടു വനപാലകരും ആനയുടെ അക്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
രാത്രി എട്ടോടെ റോഡുകളിലെ ഗതാഗതം നിയന്ത്രിച്ച ശേഷം, ജനങ്ങളോട് വിളക്കുകളണച്ച് വീട്ടില്‍ കഴിയാന്‍ നിര്‍ദേശിച്ച ശേഷം ആറളം പാലം വഴി രാത്രി 10ഓടെ ആനയെ വനത്തിലേക്ക് തുരത്തിയെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍, കാട്ടാനയെ പാലപ്പുഴ കടത്തി ഫാമിന്റെ കൃഷിയിടത്തിലേക്ക് കയറ്റിവിട്ടതായി ഫാം അധികൃതര്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it