Idukki local

ജനന - മരണ - ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ല : ആദിവാസികള്‍ക്ക് പ്രത്യേകം അദാലത്തുകള്‍ സംഘടിപ്പിക്കും



നെടുങ്കണ്ടം: ആദിവാസി ജനവിഭാഗങ്ങള്‍ക്കായി റവന്യൂ പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേകം അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തിലെ തിങ്കള്‍ക്കാട്, പത്തേക്കള്ളി,  നമരി, കല്ലുപാലം, കൂക്കലാര്‍ എന്നിവിടങ്ങളിലെ ഗോത്രക്ഷേമ സദസ്സില്‍ ഉയര്‍ന്നു വന്ന ആവശ്യം പരിഗണിച്ചാണ് അദാലത്ത് സംഘടിപ്പിക്കാന്‍ തീരുമാനമായത്. ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കുടികളിലെ കുട്ടികള്‍ക്കും കൃത്യമായ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ല. സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷം പിന്നിടുമ്പോഴും ആദിവാസി ജനതയ്ക്ക് അടിസ്ഥാന രേഖകള്‍ പോലുമില്ലാത്ത പ്രശ്‌നം നിലനില്‍ക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദാലത്തെന്ന് എം.പി പറഞ്ഞു. മിക്കവാറും ജനനങ്ങള്‍ കുടികളില്‍ തന്നെ നടക്കുന്നതിനാല്‍ ആശുപത്രി രേഖകളിലോ പഞ്ചായത്ത് രജിസ്റ്ററിലോ ചേര്‍ക്കപ്പെടുന്നില്ല. മരണ വിവരവും പഞ്ചായത്ത് രേഖകളില്‍ ലഭ്യമല്ല. തിങ്കള്‍ക്കാട് കുടിയില്‍ തന്നെ 23 പേര്‍ക്ക് ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിധവാ പെന്‍ഷന്‍ ലഭിക്കുന്നില്ല. അച്ഛന്‍ ഉപേക്ഷിച്ച് പോയ മക്കള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ അധികൃതരും തയ്യാറാകാത്ത സാഹചര്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. വീട്ടില്‍ നിന്നും 8 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പോയി പഠിക്കുന്ന ആദിവാസി കുട്ടികള്‍ക്ക് ബസ് യാത്രക്കൂലി ലഭിച്ചിരുന്നില്ല. ഇക്കാര്യത്തിന് പരിഹാരമായി. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും 3000 രൂപ വീതം സര്‍വ്വശിക്ഷാ അഭിയാനില്‍ നിന്നും നല്‍കാന്‍ തീരുമാനമായി. ഗോത്ര സാരഥി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളെ സഹായിക്കുന്നതിനും തീരുമാനമായി. അംഗന്‍വാടി, കമ്മ്യൂണിറ്റിഹാള്‍ എന്നിവ നവീകരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.
Next Story

RELATED STORIES

Share it