Kottayam Local

ചിറ്റാര്‍പുഴയില്‍ കക്കൂസ് മാലിന്യം ഒഴുക്കിയതായി കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തിനു സമീപത്തു കൂടി ഒഴുകുന്ന ചിറ്റാര്‍ പുഴയിലേക്കു കക്കൂസ് മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കുരിശു കവലയില്‍ മണിമല റോഡിനോടു ചേര്‍ന്നുള്ള ഭാഗത്ത് പുഴയിലേയ്ക്കു കക്കൂസ് മാലിന്യം ഒഴുക്കിയത്. ഒഴുക്കു കുറഞ്ഞ പുഴയിലേക്കു തള്ളിയ മാലിന്യവും മലിന ജലവും വെള്ളത്തില്‍ കെട്ടിക്കിടക്കുകയാണ്.പ്രദേശത്താകെ അസഹ്യമായ ദുര്‍ഗന്ധവുമുണ്ട്. പുഴയ്ക്ക് അക്കരെ ഹൗസിങ് കോളനിയും ടൗണ്‍ ഹാളും ഇക്കരെ മണിമല റോഡില്‍ ഇതര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതിന്റെ സമീപത്തായാണു മാലിന്യം ഒഴുക്കിയത്. കുരിശു കവലയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലിസ്. കാഞ്ഞിരപ്പള്ളി ടൗണില്‍ പഞ്ചായത്തിന്റെ മാലിന്യ ശേഖരണം നിലച്ചതോടെ നഗര മാലിന്യങ്ങള്‍ മുഴുവന്‍ അടിയുന്നതും ചിറ്റാര്‍പുഴയിലാണ്. വേനലില്‍ അഴുക്കുചാലായി മാറുന്ന ചിറ്റാര്‍പുഴയില്‍ കക്കൂസ് മാലിന്യവും തള്ളിയതോടെ പുഴയുടെ നില അതീവ ശോച്യാവസ്ഥയിലാണ്. ഒട്ടേറെ കുടിവെള്ള സ്രോതസ്സുകളും പുഴയിലും സമീപങ്ങളിലുമായുണ്ട്. മറ്റ് ആവശ്യങ്ങള്‍ക്കും ഒട്ടേറെ പേരാണ് പുഴയിലെ വെള്ളം ഉപയോഗിക്കുന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമായി കക്കൂസ് മാലിന്യം ശേഖരിച്ചു കൊണ്ടു പോവുന്ന സംഘങ്ങള്‍ക്ക് ഇവ സംസ്‌കരിക്കാനുള്ള സംവിധാനമുണ്ടോ എന്ന് അധികൃതര്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. ടാങ്കര്‍ ലോറികളില്‍ കയറ്റി കൊണ്ടു പോവുന്ന മാലിന്യം രാത്രി സമയങ്ങളില്‍ ആളൊഴിഞ്ഞ പറമ്പുകളിലും പുഴകളിലും തള്ളുന്നത് സജീവമാണ്.
Next Story

RELATED STORIES

Share it