malappuram local

ചാലിയാര്‍ പുഴയിലേക്ക് റിയല്‍എസ്റ്റേറ്റ് മാഫിയ കുന്നിടിച്ച് മണ്ണ് തള്ളുന്നു

അരീക്കോട്: ചാലിയാര്‍ പുഴയിലേക്ക് റിയല്‍എസ്റ്റേറ്റ് മാഫിയ പരിസരത്തെ കുന്നിടിച്ച് മണ്ണ് തള്ളുന്നു. കീഴുപറമ്പ് കുനിയില്‍ ഇരുമാന്‍കുന്ന് കൊത്തുപാറ കടവിലാണ് വ്യാപകതോതില്‍ കുന്നിടിച്ച് പുഴയിലേക്ക് തള്ളുന്നത്. കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി നിരപ്പാക്കി ഉയര്‍ന്ന വിലയ്ക്ക് മറിച്ചുവില്‍ക്കുന്ന സംഘമാണ് ഇതിനു പിന്നില്‍. നിരപ്പാക്കുന്ന മണ്ണ് പൂര്‍ണമായും പുഴയിലേക്കാണ് തള്ളുന്നത്. കൊത്തുപാറ കടവിന് തൊട്ടടുത്തായി പെരുങ്കടവ് പാലം പണി പുരോഗമിക്കുന്നുണ്ട്. ഇതോടെ ഇവിടെ ഭൂമിയുടെ വില വര്‍ധിക്കുമെന്നത് മുന്നില്‍ കണ്ടാണ് മാഫിയ സ്ഥലം നിരത്തുന്നത്.
കുന്നിടക്കാനും ശേഷിക്കുന്ന മണ്ണ് മാറ്റാനും ജിയോളജി, റവന്യൂ വകുപ്പുകളില്‍നിന്ന് അനുമതി വാങ്ങണമെന്നാണ് നിയമം. എന്നാല്‍ അത്തരത്തിലുള്ള നിയമങ്ങളെയൊക്കെ കാറ്റില്‍പറത്തിയാണ് മണ്ണിടിക്കല്‍. മണ്ണ് കടത്തികൊണ്ടുപോവല്‍ അസാധ്യമാണെന്ന് കണ്ടാണ് പുഴയിലേക്ക് തള്ളുന്നത്. പുഴയോരം ഉള്‍പ്പെടെ ഇടിച്ചാണ് ഒരു ഏക്കറോളം ഭൂമി ഇവിടെ നികത്തുന്നത്. മണ്ണ് പുഴയിലേക്ക് തള്ളുന്നതോടെ വെള്ളം കലങ്ങുന്നതായും പരാതിയുണ്ട്്. സമീപ കിണറുകളിലെ വെള്ളത്തിന് കലക്ക നിറമാണെന്ന് നാട്ടുകാര്‍ പറയുന്നു.
കുന്നിടിക്കല്‍ തകൃതിയായിട്ടും ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ചാലിയാറിലെ വെള്ളം മലിനമായതോടെ രണ്ട് ആഴ്ചയായി വെള്ളം പമ്പ് ചെയ്യുന്നില്ല. കവണകല്ല് റഗുലറേറ്റര്‍ ഉയര്‍ത്തി മലിനമായ വെള്ളം നീക്കം ചെയ്താല്‍ ശുദ്ധമാവുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് സമീപ കിണറുകളിലെ വെള്ളം പൂര്‍ണമായും വറ്റാന്‍ കാരണമാവുമെന്ന് ഭയന്നാണ് ജില്ലാ ഭരണകൂടം അതിന്
തയ്യാറാവാത്തത്.
Next Story

RELATED STORIES

Share it