Gulf

ഗള്‍ഫില്‍ നിന്നുള്ള വിദേശ വിമാനങ്ങളുടെ നിരക്ക് കൂടും

ദോഹ: ഇന്ത്യയിലേക്കുള്ള വിദേശ വിമാനങ്ങള്‍ക്ക് അനുവദിക്കുന്ന അധിക സീറ്റുകള്‍ ലേലത്തില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. നേരത്തേ ബന്ധപ്പെട്ട വിദേശ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം സൗജന്യമായാണ് അധിക സീറ്റുകള്‍ അനുവദിച്ചിരുന്നത്. ഇതോടെ ഈ തുക കൂടി ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്താന്‍ വിദേശ വിമാന കമ്പനികള്‍ നിര്‍ബന്ധിതമാവുമെന്നാണു കരുതുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ വിമാന സീറ്റുകള്‍ ലേലത്തില്‍ വില്‍ക്കുന്ന ലോകത്തെ ആദ്യ രാജ്യമാവും ഇന്ത്യ.
നിലവില്‍ ഇന്ത്യയിലേക്കു പറക്കുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ആവശ്യമാണെങ്കില്‍ അവ ലേലത്തില്‍ നല്‍കാനാണ് പദ്ധതിയെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള സിവില്‍ ഏവിയേഷന്‍ കരട് നയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലേലത്തെ തുടര്‍ന്ന് വിദേശ വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിച്ചാല്‍ ഇന്ത്യന്‍ വിമാന കമ്പനികളായ ജെറ്റ് എയര്‍വേയ്‌സ് ലിമിറ്റഡ്, ഇന്‍ഡിഗോ തുടങ്ങിയവയ്ക്ക് ഇത് പ്രയോജനകരമാവുന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇന്ത്യക്ക് വിദേശ രാജ്യങ്ങളുമായി വ്യോമയാന രംഗത്ത് ഉഭയ കക്ഷി കരാര്‍ ഉണ്ടെങ്കിലും ചെറു വിമാനങ്ങള്‍ മാത്രമുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് അത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. കൂറ്റന്‍ വിമാനങ്ങളുള്ള വിദേശ കമ്പനികളുമായി മല്‍സരിക്കാന്‍ സാധിക്കാത്തതാണ് ഇതിനു കാരണം.
ഇന്ത്യയില്‍ നിന്ന് 5,000 കിലോമീറ്റര്‍ പരിധിയിലുള്ള റൂട്ടുകളില്‍ മാത്രമാണ് ലേലം ബാധകമാവുക. ഗള്‍ഫ് രാജ്യങ്ങളും വടക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഈ പരിധിയില്‍പ്പെടുന്നവയാണ്.
ഭൂരിഭാഗം ഉഭയ കക്ഷി കരാറുകളും ഇരുഭാഗത്തിനും തുല്യമായ സീറ്റുകളാണ് നല്‍കുന്നത്. ഒരു രാജ്യത്ത് നിന്നുള്ള ക്വാട്ട കഴിഞ്ഞാല്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തി ഇരുഭാഗത്തിനും കൂടുതല്‍ സീറ്റുകള്‍ നല്‍കുകയാണ് ചെയ്യുക. എന്നാല്‍, ചെറു വിമാനങ്ങളുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ അധിക സീറ്റുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാറില്ല.
സീറ്റുകള്‍ ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന പണം ഇന്ത്യയിലെ പ്രാദേശിക വിമാന കമ്പനികള്‍ക്ക് സബ്‌സിഡിയായി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it