thiruvananthapuram local

ക്ഷേത്ര നിര്‍മാണത്തിനിടെ കൊലപാതകം; ഒന്നാം പ്രതി അറസ്റ്റില്‍



കിളിമാനൂര്‍: ക്ഷേത്ര നിര്‍മ്മാണ ജോലിക്കായി എത്തി ചിലവിട്ട രൂപയെ ചൊല്ലി കലഹിച്ച് കൂടെ ജോലി ചെയ്തിരുന്നയാളെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയെ കിളിമാനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയില്‍ വെമന്നൂര്‍ കരിയമാണിക്യപുരം സബേയര്‍കുളം പുളിയടികോളനിയില്‍ ശരവണന്‍ (23) ആണ് പോലിസ് പിടിയിലായത്. ഇയാളെ ഇന്നലെ കിളിമാനൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ കേസില്‍ നേരത്തെ രണ്ടു പേരെ തമിഴ്‌നാട് പോലിസിന്റെ സഹായത്താല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. ഞായറാഴ്ച നാഗര്‍കോവിലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ജൂലൈ മൂന്നിന് പ്രതിഷ്ഠ നടക്കുന്ന കിളിമാനൂര്‍ വര്‍ത്തൂര്‍ സുബ്രഹ്മണ്യന്‍ ക്ഷേത്രത്തിന്റെ നിര്‍മാണ ജോലിക്കെത്തി വര്‍ത്തൂരില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു സംഘം. ഒപ്പം ജോലി ചെയ്തിരുന്ന ശുചീന്ദ്രം സ്വദേശി ഗണേശന്‍ മകന്‍ താണു മലയനെ (58) കൊലപ്പെടുത്തിയ കേസിലാണ് ശരവണന്‍ അറസ്റ്റിലാകുന്നത്. കന്യാകുമാരി ജില്ലയില്‍ ശുചീന്ദ്രം കര്‍ക്കാട് ആശാരിമാര്‍ തെരുവില്‍ നടേശന്‍ എന്ന് വിളിക്കുന്ന നാരായണന്‍ (60), ശുചീന്ദ്രം മേലെതെരുവ് സ്ട്രീറ്റില്‍ മുരുകന്‍ (30) എന്നിവരെ നേരത്തെ ഈ സംഭവത്തില്‍ കിളിമാനൂര്‍ സിഐ പ്രദീപ് കുമാറും സംഘവും അറസ്റ്റ് ചെയ്തിരുന്നു. മെയ് 28 നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ സംഘം ചെലവാക്കിയ തുകയെ ചൊല്ലി വഴക്കിടുകയും താണുമലയനെ  അടിച്ചും ചവിട്ടിയും മര്‍ദ്ദിച്ചിരുന്നു.  മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ താണു മലയനെ തമിഴ്‌നാട് ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും മെയ് 30ന് മരിക്കുകയും ചെയ്തു. അപകടം പറ്റി എന്നാണ് ആശുപത്രിയില്‍ വിവരം ധരിപ്പിച്ചിരുന്നെങ്കിലും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകം ആണെന്ന് കണ്ടെത്തുകയും വിവരം ആശുപത്രി അധികൃതര്‍ തമിഴ്‌നാട് പോലിസിന് കൈമാറുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് പോലിസ് കിളിമാനൂരിലെത്തി കിളിമാനൂര്‍ പോലിസിന് റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം പുറത്ത് വരുന്നതും പ്രതികള്‍ അറസ്റ്റിലാവുന്നതും.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it