Kollam Local

ക്ഷീരസംഗമത്തിന് ബദലായി കുടുംബ സംഗമവുമായി മില്‍മ രംഗത്ത്

ശാസ്താംകോട്ട: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്ഷീരകര്‍ഷക സംഗമത്തിന് ബദലായി കുടുംബസംഗമം സംഘടിപ്പിച്ചുകൊണ്ട് മില്‍മ രംഗത്തെത്തി.

ഇതിന്റെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്കിലെ മില്‍മ കുടുംബസംഗമം കഴിഞ്ഞദിവസം ആനയടിയില്‍ നടന്നു. മറ്റ് ബ്ലോക്കുകളിലെ കുടുംബസംഗമം വരും ദിവസങ്ങളില്‍ നടക്കും. ഗ്രാമതല ക്ഷീരസംഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ദേശീയ ക്ഷീരവികസന ബോര്‍ഡ് ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയനുസരിച്ചാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നതെന്നാണ് മില്‍മയുടെ വിശദീകരണമെങ്കിലും ക്ഷീരകര്‍ഷക സംഗമത്തില്‍ തങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ മില്‍മയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബ്ലോക്ക് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും ക്ഷീരകര്‍ഷക സംഗമം എല്ലാവര്‍ഷവും നടത്തിവരാറുണ്ട്.
കേവലം ചടങ്ങായി നടത്തിവന്നിരുന്ന ക്ഷീരകര്‍ഷക സംഗമം സി ദിവാകരന്‍ ക്ഷീരവികസന വകുപ്പ് മന്ത്രിയായി വന്നതോടെ കൂടുതല്‍ ജനകീയമാക്കി നടത്തിവരികയായിരുന്നു.
കന്നുകാലി പ്രദര്‍ശനം, വിവിധ സെമിനാറുകള്‍, ചര്‍ച്ചകള്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, അവാര്‍ഡ് വിതരണം, വിവിധ പ്രദര്‍ശനങ്ങള്‍, ധനസഹായ വിതരണം, മല്‍സരങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെ ഉല്‍പ്പാദകരുടേയും ഉപഭോക്താക്കളുടേയും ജനപ്രതിനിധികള്‍, സഹകരാകികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നടത്തിവന്നിരുന്നത്. സംഗമം ക്ഷീരകര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനപ്രദമായിരുന്നു.
ക്ഷീരസംഗമത്തില്‍ ഉയര്‍ന്നുവന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷീരകര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിപോലും ഉരിത്തിരിഞ്ഞത്. എന്നാല്‍ ക്ഷീരസംഗമത്തില്‍ മില്‍മയ്ക്ക് പ്രധാന്യം നല്‍കുന്നില്ലെന്ന കാരണം പറഞ്ഞ് മില്‍മയുടേയും മേഖലാ യൂനിയനുകളിലേയും ഭാരവാഹികളും ഉദ്യോഗസ്ഥരും ക്ഷീരകര്‍ഷക സംഗമത്തില്‍നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. മില്‍മയും ക്ഷീരവികസന വകുപ്പും തമ്മിലുള്ള ശീതസമരമാണ് കുടുംഹബസംഗമവുമായി മില്‍മ രംഗത്തുവരാന്‍ കാരണം.
Next Story

RELATED STORIES

Share it