കൊച്ചിമെട്രോ: കെഎംആര്‍എല്ലും കലക്ടറും തുറന്ന പോരിലേക്ക്

കൊച്ചി: കൊച്ചി മെട്രോ നിര്‍മാണത്തിന്റെ പേരില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) കലക്ടര്‍ എം ജി രാജമാണിക്യവും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്ക്.മെട്രോ നിര്‍മാണത്തിനായി എറണാകുളം എംജി റോഡിലുള്ള ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവാദങ്ങളാണ് ഇപ്പോള്‍ വീണ്ടും പുകയുന്നത്.
മെട്രോ റെയിലിനുവേണ്ടി ഭൂമി വിട്ടുനല്‍കുന്നതിന് ജില്ലാ ഭരണകൂടം ശീമാട്ടി ഉടമ ബീനാ കണ്ണനുമായുണ്ടാക്കിയ കരാറിലെ രണ്ടു വ്യവസ്ഥകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സര്‍ക്കാരിനെ സമീപിച്ചതാണ് വിവാദമായിരിക്കുന്നത്. എന്നാല്‍, ശീമാട്ടിയുമായുള്ള കരാറിലെ ഓരോ വ്യവസ്ഥയും തയ്യാറാക്കിയത് കെഎംആര്‍എല്ലുമായി കൂടിയാലോചിച്ചാണെന്ന് കലക്ടര്‍ എം ജി രാജമാണിക്യം വ്യക്തമാക്കി. വിവാദമായ കരാര്‍ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ടര്‍ കെഎംആര്‍എല്‍ എം ഡി ഏലിയാസ് ജോര്‍ജിന് കത്തയച്ചു. എന്നാല്‍, കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കെഎംആര്‍എല്‍ പറയുന്നത്.
മെട്രോ റെയില്‍ സ്ഥലമെടുപ്പില്‍ ഏറ്റവുമധികം വിവാദം സൃഷ്ടിച്ച എം ജി റോഡിലെ ശീമാട്ടിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ചു തുടക്കം മുതലേ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം. മെട്രോ റെയിലിന് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ അധികാരപ്പെട്ട കലക്ടര്‍ ശീമാട്ടിയുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ ബലികഴിച്ചുവെന്നാണ് കെഎംആര്‍എല്ലിന്റെ ആക്ഷേപം. മെട്രോ റെയിലിനുവേണ്ടി ശീമാട്ടിയില്‍നിന്ന് ഏറ്റെടുക്കുന്ന സ്ഥലം മറ്റൊരു ആവശ്യത്തിനും കെഎംആര്‍എല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കരാറിലെ ഒരു വ്യവസ്ഥ. ഏറ്റെടുക്കുന്ന ഭൂമിയില്‍ ഷോപ്പുകളും ഡിജിറ്റല്‍ പരസ്യബോര്‍ഡുകളും സ്ഥാപിച്ച് മെട്രോയുടെ നടത്തിപ്പിന് വരുമാനം കണ്ടെത്താനാണ് കെഎംആര്‍എല്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ശീമാട്ടിയുമായുള്ള കരാറില്‍ മാത്രം പാര്‍ക്കിങ്‌പോലും അസാധ്യമാക്കുന്ന ഇത്തരമൊരു വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചതിലൂടെ കോടികളുടെ വരുമാനം കെഎംആര്‍എല്ലിന് ലഭിക്കാനുള്ള സാധ്യതയാണ് ഇല്ലാതായതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
ഭൂമി ശീമാട്ടിയുടെ അവകാശത്തിനു വിധേയമായാണ് കെഎംആര്‍എല്ലിന് വിട്ടുനല്‍കുന്നതെന്നാണ് കരാറിലെ മറ്റൊരു വ്യവസ്ഥ. തുക സംബന്ധിച്ച തര്‍ക്കമാണ് കരാര്‍ വൈകാനുള്ള പ്രധാന കാരണമായിരുന്നത്. സെന്റിന് 80 ലക്ഷം രൂപയാണ് ശീമാട്ടി ആവശ്യപ്പെട്ടിരുന്നത്. ശീമാട്ടിയുടെ ഡിമാന്‍ഡ് കരാറിലെ വ്യവസ്ഥയായി ഉള്‍ക്കൊള്ളിച്ചത് അസാധാരണമാണെന്ന് കെഎംആര്‍എല്‍ ചൂണ്ടിക്കാട്ടുന്നു. സെന്റിന് 80 ലക്ഷം രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് ശീമാട്ടിക്ക് കോടതിയെ സമീപിക്കാനും അനുകൂല വിധി സമ്പാദിക്കാനും കരാറിലെ ഈ വ്യവസ്ഥ മാത്രം മതിയെന്നാണ് അവരുടെ വാദം. ശീമാട്ടിക്ക് ഇത്രയും തുക അനുവദിച്ചാല്‍ മെട്രോക്ക് ഭൂമി വിട്ടുനല്‍കിയ മറ്റുള്ളവരും കോടതിയെ സമീപിക്കുമെന്നും കെഎംആര്‍എല്ലിന് ഇത് വലിയ ബാധ്യത വരുത്തുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ഈ രണ്ടു കരാറുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎംആര്‍എല്‍ എംഡി സര്‍ക്കാരിനു കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് കലക്ടര്‍ കെഎംആര്‍ എല്‍ എംഡിക്ക് കത്തയച്ചിരിക്കുന്നത്. ശീമാട്ടിയില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്ത് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് വ്യവസ്ഥയിലില്ല. കെഎംആര്‍എല്ലിന് ഈ സ്ഥലത്ത് പ്രവേശിക്കുന്നതിനോ പ്രവൃത്തികള്‍ നടത്തുന്നതിനോ തടസ്സമില്ല. സെ ന്റിന് 52 ലക്ഷം രൂപ നിരക്കില്‍ 32 സെന്റിന് 16 കോടി 64 ലക്ഷം രൂപയായിരുന്നു ശീമാട്ടിയുമായി നിശ്ചയിച്ചത്. എന്നാല്‍, 80 ലക്ഷം എന്ന ശീമാട്ടിയുടെ ആവശ്യം തത്ത്വത്തില്‍ അംഗീകരിച്ച് കരാര്‍ ഒപ്പിട്ടെന്ന ആക്ഷേപം ശരിയല്ല.
ശീമാട്ടിക്ക് അതിനുളള നിയമപരമായ അവകാശമുണ്ടെന്നു മാത്രമാണ് കരാറിലുളളത്. 8 മാസം മുമ്പ് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കരാറിന്റെ ഓരോ വ്യവസ്ഥയും തയ്യാറാക്കുമ്പോഴും കെഎംആര്‍എല്ലിന്റെ സമ്മതം തേടിയിരുന്നു. കരാറിന് അന്തിമരൂപം നല്‍കിയത് നിയമോപദേശം കണക്കിലെടുത്താണ്. മാസങ്ങള്‍ക്കു ശേഷം എന്തിനു വേണ്ടിയാണ് ഈ വിവാദമെന്നും കലക്ടര്‍ കത്തില്‍ ചോദിക്കുന്നു.
കരാറിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഈ മാസം നാലിനു കെഎംആര്‍എല്‍ എഴുതിയ കത്ത് തന്നെ അദ്ഭുതപ്പെടുത്തി. തനിക്ക് എഴുതിയ കത്ത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെടുന്നു. ശീമാട്ടിയുടെ സ്ഥലവിലയുടെ 30 ശതമാനം മാത്രമേ ഇതിനോടകം കൈമാറിയിട്ടുള്ളുവത്രേ. ബാക്കി തുകകൂടി കൈമാറിയാലേ ഭൂമി രജിസ്റ്റര്‍ ചെയ്തുകിട്ടുകയുള്ളൂ.
Next Story

RELATED STORIES

Share it