കേന്ദ്രസര്‍ക്കാരിന്റെ ഭരണം സമ്പൂര്‍ണ പരാജയം; സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ട്രഷറിയില്‍ 1,009 കോടി മിച്ചം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 1,009 കോടിയുടെ മിച്ച ട്രഷറിയായിരുന്നെന്നും കടമെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയ 4,300 കോടിയില്‍ 2,800 കോടിയെ എടുത്തിട്ടുള്ളൂവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍സര്‍ക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങള്‍ പുനപ്പരിശോധിക്കാനും ധവളപത്രം ഇറക്കാനുമുള്ള തീരുമാനങ്ങള്‍ സ്വാഗതം ചെയ്യുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ കാര്യങ്ങളും ധവളപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പാവപ്പെട്ടവര്‍ക്കു നല്‍കിയ സഹായങ്ങള്‍ അധികമായിപ്പോയെന്ന് ധവളപത്രത്തില്‍ പറയേണ്ടിവരും. രണ്ടു ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കേണ്ടിവന്ന ഏക സര്‍ക്കാരാണ് ഞങ്ങളുടേതെന്ന് മറക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സുതാര്യഭരണം ഉറപ്പാക്കാ ന്‍ എന്റെ കാലത്ത് ഓഫിസില്‍ സ്ഥാപിച്ചിരുന്ന കാമറകള്‍ നീക്കം ചെയ്തത് പുതിയ സര്‍ക്കാരാണെന്നു കരുതുന്നില്ല. അവര്‍ അതു സ്ഥാപിക്കുമെന്നാണു പ്രതീക്ഷ. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ തിരക്കൊഴിഞ്ഞതിനെ വേറെ രീതിയില്‍ കാണേണ്ടതില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. ഫലം ഉണ്ടാവുന്നുണ്ടോ എന്നാണ് ജനം നോക്കുക. എല്‍ഡിഎഫ് അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ ഉണ്ടായിരുന്ന സാമ്പത്തികബാധ്യതകളെല്ലാം ഞങ്ങളാണു നിറവേറ്റിയത്. അന്ന് ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്തതിന്റെ രണ്ടരമടങ്ങാണ് വിതരണം ചെയ്യേണ്ടിവന്നത്. ക്ഷേമപെന്‍ഷന്‍ 1,000 രൂപയാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. 600ഉം 800ഉം വാങ്ങുന്നവര്‍ക്ക് 1,000 രൂപ കൊടുക്കുമ്പോള്‍ 1,200 വാങ്ങുന്നവരുടേത് ആയിരമായി കുറയ്ക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.
എല്‍ഡിഎഫ് ഭരണത്തില്‍ 300 രൂപയായിരുന്ന പെന്‍ഷനാണ് 1,500 ആയി യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. 12.9 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയിരുന്നത് ഞങ്ങള്‍ 34.43 ലക്ഷം പേരിലേക്കു വ്യാപിപ്പിച്ചു. നിയമനനിരോധനം പിന്‍വലിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തി ല്‍ കഴമ്പില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,60,424 പേരെ നിയമിച്ചെങ്കില്‍ യുഡിഎഫ് 1,67,096 പേരെ നിയമിച്ചു. 36,324 പുതിയ തസ്തികകള്‍ ഉണ്ടാക്കി. ഈ ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ച് കഴിഞ്ഞ ആഗസ്തില്‍ തന്നെ ഉത്തരവിറക്കിയിട്ടുണ്ട്.
എല്‍ഡിഎഫിന്റെ അഞ്ചുകൊല്ലക്കാലം നടക്കാതിരുന്ന ആശ്രിതനിയമനം പൂര്‍ത്തിയാക്കാന്‍ 549 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ ഉണ്ടാക്കിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്നും പെട്രോള്‍-ഡീസല്‍ വില ലിറ്ററിന് 40 രൂപയായി കുറയ്ക്കാമെന്നിരിക്കെയാണ് ഇതിനു തയ്യാറാവാതെ വന്‍ വിലക്കയറ്റത്തിലേക്കു രാജ്യത്തെ തള്ളിവിട്ടിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it