കേന്ദ്രം കര്‍ഷകവിരുദ്ധം:തലസ്ഥാനത്ത് വന്‍ പ്രതിഷേധ റാലി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ ഇന്ന് രാജ്യ തലസ്ഥാനത്ത് വന്‍ പ്രതിഷേധ റാലി. സിഐടിയു, കിസാന്‍സഭ, കര്‍ഷകത്തൊഴിലാളി യൂനിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റാലിയില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനു പേര്‍ ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ എത്തിത്തുടങ്ങി. വിലക്കയറ്റം തടയുക, പൊതുവിതരണം സാര്‍വത്രികമാക്കുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങി 15 ഇന ആവശ്യം മുന്‍നിര്‍ത്തിയാണ് മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി നടക്കുന്നത്. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാവശ്യമായ ക്രിയാത്മക നടപടികള്‍, 18000 രൂപ കുറഞ്ഞ വേതനം, തൊഴിലാളിവിരുദ്ധ തൊഴില്‍നിയമ ഭേദഗതികള്‍ അവസാനിപ്പിക്കല്‍, കര്‍ഷകര്‍ക്ക് സ്വാമിനാഥന്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായുള്ള താങ്ങുവില, ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വായ്പായിളവ്, കര്‍ഷകത്തൊഴിലാളികള്‍ക്കായി സമഗ്ര നിയമം, എല്ലാ ഗ്രാമീണ മേഖലകളിലും തൊഴിലുറപ്പു പദ്ധതി നടപ്പാക്കല്‍, എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷയും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും ഭവനവും, സാര്‍വത്രിക സാമൂഹിക സുരക്ഷ, കരാര്‍ തൊഴില്‍ അവസാനിപ്പിക്കല്‍, പുനര്‍വിതരണ ഭൂപരിഷ്‌കരണം, നിര്‍ബന്ധമായി ഭൂമി ഏറ്റെടുക്കല്‍ തടയല്‍, പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് ആശ്വാസവും പുനരധിവാസവും, നവലിബറല്‍ നയങ്ങളില്‍നിന്നു പിന്തിരിയല്‍ തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷക തൊഴിലാളികള്‍ മുഖ്യമായും മുന്നോട്ടുവയ്ക്കുന്നത്. അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. രാംലീല മൈതാനത്ത് നിന്നു രാവിലെ ഒമ്പതിന് ആരംഭിക്കുന്ന റാലി 10ഓടെ പാര്‍ലമെന്റ് സ്ട്രീറ്റിലെത്തും. തുടര്‍ന്ന്, വിവിധ സംഘടനകളുടെ നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്യുമെന്നും സിഐടിയു പ്രസിഡന്റ് കെ ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ലെ, ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it