കൂപ്പുകുത്തി പ്ലൈവുഡ്



ടോമി  മാത്യു

കൊച്ചി: കേവലം നാലുമണിക്കൂര്‍ നോട്ടീസില്‍ നരേന്ദ്രമോദി രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ന്റെയും കറന്‍സികള്‍ 2016 നവംബര്‍ എട്ടിന് പിന്‍വലിച്ചപ്പോള്‍ രാജ്യത്തെ വ്യവസായമേഖലയുടെ, പ്രത്യേകിച്ച് ചെറുകിട വ്യവസായസംരംഭകരുടെ നട്ടെല്ലാണ് ഒടിഞ്ഞത്. ചെറുതും വലുതുമായ ഒട്ടേറെ വ്യവസായസംരംഭകരാണ് കേരളത്തിലുള്ളത്. അപ്രതീക്ഷിതമായി നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഇവര്‍.വന്‍കിട വ്യവസായികളേക്കാള്‍ നോട്ടുനിരോധനം മൂലം ഏറെ പ്രതിസന്ധി നേരിട്ടത് ചെറുകിടക്കാര്‍ക്കാണ്. ബാങ്കില്‍ നിന്നു ലോണെടുത്തും പലിശയ്ക്കു പണം കടമെടുത്തും ജീവിതം കരുപ്പിടിപ്പിക്കാന്‍ ചെറിയരീതിയില്‍ വ്യവസായം തുടങ്ങിയവര്‍ക്ക് അപ്രതീക്ഷിതമായെത്തിയ നോട്ടുനിരോധനത്തിലൂടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലായെന്നു മാത്രമല്ല കടക്കെണിയിലാവുകയും ചെയ്തു. ചെറുകിട വ്യവസായത്തില്‍ ഗണ്യമായ സ്ഥാനമുള്ള പ്ലൈവുഡ് വ്യവസായ മേഖലയ്ക്ക് വന്‍ തിരിച്ചടിയാണു നിരോധനം സമ്മാനിച്ചത്. സംസ്ഥാനത്തെ പ്ലൈവുഡ് മേഖലയില്‍ ചെറുതും വലുതുമായി ആയിരത്തിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്്. ഇവയില്‍ നല്ലൊരു ശതമാനം പെരുമ്പാവൂര്‍ മേഖലയിലാണുള്ളത്. നോട്ടുനിരോധനം വന്നതോടെ ഭൂരിപക്ഷം കമ്പനികളുടെയും പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായി. നോട്ടുനിരോധനം നടപ്പാക്കി ഒരുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ പോലും അതുണ്ടാക്കിയ പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒട്ടേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന മേഖലകൂടിയാണിത്. തൊഴില്‍ നഷ്ടപ്പെട്ടതോടെ ഭൂരിഭാഗം പേരും അവരവരുടെ നാടുകളിലേക്ക് മടങ്ങുകയോ മറ്റു മേഖലകള്‍ തേടുകയോ ചെയ്തു. പ്ലൈവുഡ് വ്യവസായവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ് പശനിര്‍മാണമേഖല. ഒട്ടേറെ പേരാണ് ഈ മേഖലയെ ആശ്രയിക്കുന്നത്. പ്ലൈവുഡ് മേഖലയിലുണ്ടായ തിരിച്ചടി പശനിര്‍മാണ യൂനിറ്റുകളെയും വലിയതോതില്‍ ബാധിച്ചു.
Next Story

RELATED STORIES

Share it