wayanad local

കാലവര്‍ഷം; നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി



കല്‍പ്പറ്റ: മഴക്കാലത്തെ നേരിടാന്‍ നിര്‍ദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ജലസംരക്ഷണത്തിനായി ജില്ലയിലെ കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവ ശുദ്ധീകരിക്കുന്നതിനും ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴവെള്ളം പരമാവധി സംഭരിച്ച് വിനിയോഗിക്കുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇതിനായി ജില്ലയിലെ ജലസേചനവകുപ്പ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി മേധാവികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജില്ലയിലെ പാതയോരങ്ങളിലും കടത്തിണ്ണകളിലും ബസ് സ്റ്റാന്റുകളിലും അന്തിയുറങ്ങുന്ന ആളുകള്‍ക്ക് മഴക്കാലത്ത് കഴിഞ്ഞുകൂടുന്നതിനും അത്താഴം കഴിക്കുന്നതിനുമുള്ള സംവിധാനം സാമൂഹിക സുരക്ഷാവകുപ്പ് ഒരുക്കണം. ജില്ലാ എമര്‍ജന്‍സി ഓപറേറ്റിങ് സെന്ററില്‍ റവന്യൂ, പോലിസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകളിലെ ബന്ധപ്പെട്ട ജീവനക്കാര്‍ 24 മണിക്കൂറും ജോലിയില്‍ ഉണ്ടായിരിക്കണം. മുന്‍കൂര്‍ അനുമതിയില്ലാതെ യന്ത്രങ്ങള്‍ ഉപയൊഗിച്ച് മണ്ണിടിക്കുന്നതും നീക്കം ചെയ്യുന്നതും ആഗസ്ത് 15 വരെ നിരോധിച്ചു. ജിയോളജിസ്റ്റ്, താലൂക്ക് തഹസില്‍ദാര്‍മാര്‍ എന്നിവരെ പരിശോധന നടത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ചുമതലപ്പെടുത്തി. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മുങ്ങിമരണം തടയുന്നതിനാവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗ ണ്‍സില്‍ സ്ഥാപിക്കണം. വലിയ തോതില്‍ വെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കണം. ഡാമുകള്‍ തുറന്നുവിടുന്ന സാഹചര്യമുണ്ടായാല്‍ വിവരം മുന്‍കൂട്ടി ജില്ലാ എമര്‍ജന്‍സി ഓപറേറ്റിങ് സെന്ററില്‍ അറിയിക്കണം. മഴക്കാലത്ത് ഉണ്ടാവാനിടയുള്ള അപകടങ്ങളെക്കുറിച്ചും പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സ്‌കൂള്‍ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനാവശ്യമായ നടപടികള്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വീകരിക്കണം.
Next Story

RELATED STORIES

Share it