Flash News

കാംപസ് രാഷ്ട്രീയം നിരോധിക്കരുത്: സര്‍ക്കാര്‍

കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് കാംപസ് രാഷ്ട്രീയത്തെ നിരോധിക്കരുതെന്നാണ് നിലപാടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോളജുകളിലും സ്‌കൂളുകളിലും രാഷ്ട്രീയപ്രവര്‍ത്തനം നിരോധിക്കാന്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലെ വാദം കേള്‍ക്കലിനിടയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.  രാഷ്ട്രീയത്തില്‍ വിദ്യാര്‍ഥികള്‍ പ്രാവീണ്യം നേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും വിദ്യാഭ്യാസവകുപ്പിനും ഡിജിപിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍ എസ് അജോയി സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലെത്തിയത്. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശം വിദ്യാര്‍ഥികള്‍ക്കുമുണ്ടെന്ന് വാദം കേള്‍ക്കലിനിടെ കോടതി വാക്കാല്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതാക്കാനാവില്ല. കാംപസിന് അകത്ത് നടക്കുന്ന കൊലപാതകങ്ങളെ പുറത്ത് നടക്കുന്ന കൊലപാതകങ്ങളേക്കാള്‍ വലിയ കുറ്റകൃത്യമായി കാണണമോ. പുറത്തെ രാഷ്ട്രീയത്തിലും കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. അപ്പോള്‍ കാംപസ് രാഷ്ട്രീയം മാത്രം മോശമാണെന്ന് പറയാനാവുമോ. കാംപസുകളില്‍ എല്ലാ ദിവസവും കൊലപാതകങ്ങള്‍ നടക്കുന്നില്ല. അത് വ്യതിചലനം മാത്രമാണ്. ക്രിമിനലുകളായ കൊലപാതകികളെ നിയമപ്രകാരം നേരിടണം. രാഷ്ട്രീയമില്ലെങ്കിലും കാംപസുകളില്‍ കൊലപാതകം നടക്കാന്‍ സാധ്യതയില്ലേ എന്നും കോടതി ചോദിച്ചു. കാംപസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ഹരജിക്കാരന് നിര്‍ദേശം നല്‍കി. ഹരജി അടുത്തദിവസം വീണ്ടും പരിഗണിക്കും.
കാംപസുകളിലെ രാഷ്ട്രീയം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി പലതവണ പറഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകം ഇതിനു തെളിവാണെന്നും ഹരജിക്കാരന്‍ ആരോപിച്ചു. രണ്ട് വിദ്യാര്‍ഥി യൂനിയനുകള്‍ തമ്മിലുള്ള വഴക്കാണ് അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണം. കാംപസ് രാഷ്ട്രീയം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഇത്തരം അനിഷ്ടസംഭവങ്ങള്‍ മറ്റ് കാംപസുകളില്‍ തുടരുമെന്നും ഹരജിയില്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ അഭിമന്യു കൊല്ലപ്പെടില്ലായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും രാഷ്ട്രീയപ്രവര്‍ത്തനം തടയുക, രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാംപസിലെ യോഗങ്ങള്‍ തടയുക, ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിദ്യാര്‍ഥികളെ വിലക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it