കനയ്യക്കു നേരെയുണ്ടായ ആക്രമണം ആസൂത്രിതം: മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: കനയ്യകുമാറിനു നേരെ ബുധനാഴ്ച പട്യാല ഹൗസ് കോടതിയിലുണ്ടായ ആക്രമണം മുന്‍കൂട്ടി ആസൂത്രണംചെയ്യപ്പെട്ടതാണെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്റെ നിയമവിഭാഗം മേധാവി സി കെ ചതുര്‍വേദി, എസ്എസ്പി ജെയിന്‍ എസ് കെ എന്നിവര്‍ സമര്‍പ്പിച്ച വസ്തുതാന്വേഷണ റിപോര്‍ട്ടിലാണു ഡല്‍ഹി പോലിസിനെ നിശിതമായി വിമര്‍ശിക്കുന്നത്.
രാജ്യത്തെ പൗരന്‍മാര്‍ക്കു നിയമസഹായം നല്‍കേണ്ട അഭിഭാഷകരാണ് കനയ്യയെ നീതിപീഠത്തിനു മുന്നിലിട്ട് മര്‍ദ്ദിച്ചതെന്നു കുറ്റപ്പെടുത്തുന്ന റിപോര്‍ട്ടില്‍, ആക്രമണം തടയുന്നതില്‍ ഡല്‍ഹി പോലിസ് പരാജയപ്പെട്ടെന്നും പറയുന്നുണ്ട്. കനയ്യ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെട്ടു. പോലിസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. എന്നാല്‍, യുവാവിനെ പെട്ടെന്നു രക്ഷിക്കാനോ ആക്രമണം തടയാനോ അവര്‍ ശ്രമിച്ചില്ല. തന്നെ ആക്രമിച്ചവരെ കോടതി മുറിയില്‍വച്ച് കനയ്യ ചൂണ്ടിക്കാണിച്ചെങ്കിലും നടപടിയുണ്ടായില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ആക്രമണത്തിനു നേതൃത്വം നല്‍കിയ അഭിഭാഷകര്‍ ഡല്‍ഹിയില്‍ വീണ്ടും തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചെങ്കിലും അവര്‍ക്കെതിരേ പോലിസ് നടപടി സ്വീകരിച്ചില്ല. വിക്രം ചൗഹാനെ പോലുള്ള അഭിഭാഷകര്‍ക്കു ഡല്‍ഹി പോലിസ് സമന്‍സ് അയച്ചിരുന്നു. ഇതു നിലവിലിരിക്കെ തന്നെ അവര്‍ പ്രകടനം നടത്തി. അക്രമികള്‍ക്ക് ഒരുവിഭാഗം അഭിഭാഷകര്‍ സ്വീകരണം നല്‍കുകയുംചെയ്തു. ഇതെല്ലാം പോലിസിന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. റിപോര്‍ട്ടില്‍ കനയ്യയുടെ മൊഴിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റേതെന്ന പേരില്‍ ഡല്‍ഹി പോലിസ് പുറത്തുവിട്ട പ്രസ്താവന പോലിസ് തന്നെ എഴുതിയുണ്ടാക്കിയതാണെന്നു പറഞ്ഞ കനയ്യ, പോലിസ് തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും മൊഴിനല്‍കി. കനയ്യ കഴിയുന്ന തിഹാര്‍ ജയില്‍ സന്ദര്‍ശിച്ചാണ് കമ്മീഷന്‍ പ്രതിനിധികള്‍ മൊഴിയെടുത്തത്.
വസ്തുതാന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പോലിസിനും ജെഎന്‍യു അധികൃതര്‍ക്കും ജയില്‍ സൂപ്രണ്ടിനും കമ്മീഷന്‍ നോട്ടീസയച്ചു. റിപോര്‍ട്ടിന്റെ പകര്‍പ്പും നോട്ടീസിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈ മാസം 26നകം മറുപടി നല്‍കണം. റിപോര്‍ട്ടിന്റെ പകര്‍പ്പ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂറിനും കൈമാറി.
Next Story

RELATED STORIES

Share it