കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍/തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസിലെ 25ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. ഒരുമാസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തെങ്കിലും അസുഖബാധിതനാണെന്ന വൈദ്യപരിശോധനാ റിപോര്‍ട്ടിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ സഹകരണ ഹൃദയാലയയിലേക്ക് മാറ്റി.
23 ദിവസമായി എകെജി സഹകരണ ആശുപത്രിയിലും പരിയാരത്തുമായി ചികില്‍സയിലായിരുന്ന ജയരാജന്‍ ഇന്നലെ രാവിലെ 8.45ഓടെയാണ് കോടതിയില്‍ കീഴടങ്ങാനായി ആശുപത്രി വിട്ടത്. ആംബുലന്‍സില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം 10.45ഓടെ തലശ്ശേരി കോടതിയില്‍ ഹാജരായി. ഭീകരവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തപ്പെട്ടതിനാല്‍ മാര്‍ച്ച് 11 വരെയാണ് റിമാന്‍ഡ് ചെയ്തത്.
മൂന്നാഴ്ചയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നതിനാല്‍ ജയിലിലേക്കു മാറ്റിയാല്‍ പ്രത്യേക പരിഗണന നല്‍കണമെന്ന അഭിഭാഷകന്റെ വാദം കേട്ട കോടതി, മെഡിക്കല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം പരിഗണിക്കണമെന്ന് ജയില്‍ സൂപ്രണ്ടിനു വാക്കാല്‍ നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് 1.30ഓടെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.
തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിപോര്‍ട്ട് ചെയ്തു. രണ്ടുമണിക്കൂര്‍ നീണ്ട ജയില്‍ നടപടിക്രമങ്ങള്‍ക്കുശേഷം വൈകീട്ട് 4.45ഓടെയാണ് പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. ജയരാജന്‍ നാലുതവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. മനോജ് വധക്കേസില്‍ ഒരുതവണ ചോദ്യംചെയ്യലിനു വിധേയനായശേഷം മൂന്നു തവണ സിബിഐ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിനിടെ, രണ്ടു തവണ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ജനുവരി 21നാണ് ജയരാജനെ പ്രതിചേര്‍ത്ത് സിബിഐ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.
അതേസമയം, പി ജയരാജനെ വിശദമായി ചോദ്യംചെയ്യുന്നതിനായി 16 മുതല്‍ 19 വരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ ഡിവൈഎസ്പി ഹരി ഓംപ്രകാശ് ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ആവശ്യമായ മരുന്നുകളും മെച്ചപ്പെട്ട പരിചരണവും നല്‍കാന്‍ തയ്യാറാണെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it