Alappuzha local

ഒറ്റദിവസം 120 കോടിയുടെ കരാര്‍ ; കയര്‍ കേരള ചരിത്രത്തിലേക്ക്



ആലപ്പുഴ: കയര്‍ വ്യവസായത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്താനുതകും വിധം ഒറ്റദിവസം 120 കോടി രൂപയുടെ വ്യാപാരത്തിനുള്ള ധാരണാപത്രങ്ങളില്‍ ഇന്നലെ കയര്‍ കേരളയില്‍ ഒപ്പുവച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകളുടെ ജലമണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള കരാറിലാണ് കയര്‍ വികസന വകുപ്പും എംജിഎന്‍ആര്‍ഇജിഎസ് മിഷനും ഗ്രാമപ്പഞ്ചായത്തുകളും ചേര്‍ന്ന് ഒപ്പുവച്ചത്. കേരളത്തിലെ 700ലധികം ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നുള്ള പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത വിപുലമായ യോഗത്തിലാണ് ഒപ്പുവയ്ക്കല്‍ നടന്നത്.കയര്‍ കേരളയില്‍ സംഘടിപ്പിക്കപ്പെട്ട ഈ ചടങ്ങിന്റെ സാമൂഹികമാനം വളരെ വലുതാണെന്ന് ചടങ്ങിനോടനുബന്ധിച്ചുള്ള ഓപണ്‍ ഹൗസ് ഉദ്ഘാടനം ചെയ്ത ജലസേചന മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വലിയൊരു വരള്‍ച്ചയുടെ മുനമ്പില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മണ്ണ് ജല സംരക്ഷണ മാര്‍ഗങ്ങളുടെ അടിയന്തര പ്രാധാന്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കയര്‍ ഭൂവസ്ത്രത്തിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ കയര്‍ വ്യവസായം അഭിവൃദ്ധിപ്പെടുമെന്നതിനപ്പുറം പ്രകൃതിയോടും പരിസ്ഥിതിയോടും കൂറു പ്രഖ്യാപിക്കുകകൂടിയാണ് ചെയ്യുന്നത്. തോടുകളുടെ അരികു കെട്ടാനും കടല്‍ത്തീരങ്ങളുടെ സംരക്ഷണത്തിനും മറ്റും കരിങ്കല്ലിനു പകരം കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലേക്കു മാറാനാണ് ജലസേചന വകുപ്പ് താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിജന്യമായ വസ്തുക്കള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള മനോഭാവം നാം വളര്‍ത്തിക്കൊണ്ടുവരണമെന്ന് ധാരണാപത്രം ഒപ്പുവയ്ക്കല്‍ ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കയര്‍ കേരള വെറുമൊരു പ്രദര്‍ശന മേളയല്ലെന്നും ഗവേഷണത്തിനു പ്രാധാന്യം നല്‍കുന്ന ഗൗരവസ്വഭാവമുള്ള മേളയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗകാര്യത്തില്‍ ഇന്ത്യയില്‍ കേരളം അടയാളപ്പെടുത്തപ്പെടാന്‍ പോവുകയാണെന്ന് അധ്യക്ഷത വഹിച്ച ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗകാര്യത്തില്‍ മറ്റൊരിടത്തുമില്ലാത്ത വൈവിധ്യവും നേട്ടവുമാണ് കേരളം കൈവരിക്കുന്നത്. 120 കോടിയുടെ ധാരണാപത്രത്തില്‍ ഒപ്പിടുന്നത് ഇതിന്റെ തുടക്കമാണ്. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ മുഴുവനും ഇത്തരത്തില്‍ കയര്‍ ഭൂവസ്ത്രങ്ങള്‍ വിതരണം ചെയ്യുക മാത്രമല്ല അവയുടെ ഉപയോഗത്തിനാവശ്യമായ പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കാനും കേരളത്തിനു സാധിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്താണ് ഏറ്റവും കൂടിയ തുകയുടെ ഭൂവസ്ത്ര ഉപയോഗത്തിന് ധാരണാപത്രം ഒപ്പുവച്ചത്. 3,30,769 ചതുരശ്ര മീറ്റര്‍ ഭൂവസ്ത്രത്തിനായി 2.14 കോടിയുടെ ധാരണാപത്രമാണ് ഇവര്‍ ഒപ്പുവച്ചത്. ഓരോ ജില്ലയിലേയും ഏറ്റവും കൂടുതല്‍ തുകയുടെ ഭൂവസ്ത്ര വിനിയോഗത്തിന് പദ്ധതി തയ്യാറാക്കിയ 14 പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും വേദിയില്‍ ഒരുമിച്ച് ധാരണാപത്രത്തില്‍ ഒപ്പുവച്ച് കൈമാറുകയായിരുന്നു. പ്രത്യേകം സജ്ജീകരിച്ച 14 കൗണ്ടറുകള്‍ വഴിയാണ് മറ്റു പഞ്ചായത്തുകള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. എല്ലാ ജില്ലകളുടെയും ചുമതലയിലുള്ള കയര്‍ പ്രൊജക്ട് ഓഫിസര്‍മാരാണ് ഒപ്പീടീലിനു വേണ്ട ഒരുക്കങ്ങള്‍ നടത്തിയത്. ഇതോടനുബന്ധിച്ചു നടന്ന സെമിനാറില്‍ കയര്‍ വികസന ഡയറക്ടര്‍ എന്‍ ദ്മകുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടി ക ജാസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ഡോ. കെ എന്‍ ഹരിലാല്‍, ഡോ. മൃദുല്‍ ഈപ്പന്‍, എംഎന്‍ആര്‍ഇജിഎസ് കമ്മീഷണര്‍ മേരിക്കുട്ടി പങ്കെടുത്തു.
Next Story

RELATED STORIES

Share it