എല്‍ഡിഎഫ് 5/6

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷനിലും മേയര്‍ സ്ഥാനം നേടിയതോടെ സംസ്ഥാനത്തെ ആറു കോര്‍പറേഷനുകളില്‍ അഞ്ചിടത്തും എല്‍ഡിഎഫ് ഭരണം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലും പ്രതീക്ഷിച്ച പോലെ എല്‍ഡിഎഫ് നോമിനികള്‍ മേയര്‍മാരായി. കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ കൊച്ചിയില്‍ മാത്രമായി യുഡിഎഫിന്റെ ഭരണം ചുരുങ്ങി.
കോണ്‍ഗ്രസ്സിലെ സൗമിനി ജെയിനാണ് കൊച്ചി മേയര്‍. യുഡിഎഫിലെ പി ജെ വിനോദാണ് ഡെപ്യൂട്ടി മേയര്‍. 30നെതിരേ 41 വോട്ട് നേടിയാണ് സൗമിനി ജെയിന്‍ മേയര്‍ സ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് സിപിഎമ്മിലെ വി കെ പ്രശാന്ത് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 42 വോട്ട് നേടിയാണ് 100 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രശാന്ത് മേയറായത്. 43 അംഗങ്ങള്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നെങ്കിലും ഒരാളുടെ വോട്ട് അസാധുവായി. ഡെപ്യൂട്ടി മേയറായി സിപിഐയിലെ രാഖി രവികുമാറിനെ തിരഞ്ഞെടുത്തു.
കൊല്ലത്ത് സിപിഎമ്മിലെ അഡ്വ. വി രാജേന്ദ്രബാബുവാണ് മേയര്‍. എല്‍ഡിഎഫിലെ വിജയ ഫ്രാന്‍സിസ് ഡെപ്യൂട്ടി മേയറായി. രണ്ടു ബിജെപി അംഗങ്ങളും ഒരു എസ്ഡിപിഐ അംഗവും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
തൃശൂരില്‍ സിപിഎമ്മിലെ അജിത ജയരാജന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ വര്‍ഗീസ് കണ്ടംകുളത്തിയാണ് ഡെപ്യൂട്ടി മേയര്‍. തൃശൂരിലും തിരുവനന്തപുരത്തും യുഡിഎഫും ബിജെപിയും മേയര്‍-ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെയാണ് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന രണ്ടിടത്തെ ഭരണവും എല്‍ഡിഎഫിനു നേടാനായത്. സിപിഎമ്മിലെ വി കെ സി മമ്മദ്‌കോയയാണ് കോഴിക്കോട് മേയര്‍. 48 വോട്ടുകള്‍ നേടിയാണ് ഇദ്ദേഹം യുഡിഎഫിലെ പി എം നിയാസിനെ തോല്‍പിച്ചത്. എല്‍ഡിഎഫിലെ മീര ദര്‍ശക് ആണ് ഡെപ്യൂട്ടി മേയര്‍.
കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് എല്‍ഡിഎഫിന് വോട്ട് ചെയ്തതോടെ സിപിഎമ്മിലെ ഇ പി ലത കണ്ണൂര്‍ കോര്‍പറേഷന്റെ ആദ്യ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 55 അംഗ കോര്‍പറേഷനില്‍ 27 അംഗങ്ങള്‍ വീതം എല്‍ഡിഎഫിനും യുഡിഎഫിനും ആയതോടെ വിമതനായി ജയിച്ച പി കെ രാഗേഷിന്റെ പിന്തുണ നിര്‍ണായകമായിരുന്നു. രാഗേഷിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ ഇടപെട്ടെങ്കിലും തന്റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ പിന്തുണയ്ക്കൂവെന്ന നിലപാട് രാഗേഷ് സ്വീകരിച്ചു. ഉപാധികള്‍ അംഗീകരിക്കാതെ വന്നതോടെ അദ്ദേഹം എല്‍ഡിഎഫിനു വോട്ട് ചെയ്യുകയായിരുന്നു. മുസ്‌ലിംലീഗിന്റെ സി സമീറാണ് ഡെപ്യൂട്ടി മേയര്‍. 27 വോട്ടുകള്‍ നേടി എല്‍ഡിഎഫ്, യുഡിഎഫ്  സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പം എത്തിയപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത്.
അതേസമയം, മുനിസിപ്പാലിറ്റികളിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മേല്‍ക്കൈ നേടി. 42 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് അധികാരം നേടിയപ്പോള്‍ 38 മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനു ലഭിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപി ഭരിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പാലക്കാട് മാറി. കേരളാ കോണ്‍ഗ്രസ്-എം അംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയുടെ ഭരണം അട്ടിമറിയിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കി.
ഇരിട്ടി നഗരസഭയില്‍ മുസ്‌ലിംലീഗ് വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതോടെ എല്‍ഡിഎഫിനു ഭരണം ലഭിച്ചു. ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഭരണം യുഡിഎഫിനു കിട്ടി. ക്വാറം തികയാത്തതിനെ തുടര്‍ന്ന് കളമശ്ശേരി, കല്‍പറ്റ നഗരസഭകളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.
Next Story

RELATED STORIES

Share it