Kottayam Local

എരുമേലി വിമാനത്താവളം: കേന്ദ്രസംഘം പരിശോധനയ്‌ക്കെത്തും

എരുമേലി: നിര്‍ദിഷ്ട ശബരി ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അനുമതിപത്രം നല്‍കുന്നതിനു നടപടികളായി. അതേസമയം സ്ഥലം ഏറ്റുടുക്കാനാവാത്തത് തുടര്‍നടപടികള്‍ക്കു തടസ്സമാവുമെന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍. ഇതു സംബന്ധിച്ചു കഴിഞ്ഞയിടെ കോര്‍പറേഷന്‍ അധികൃതര്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി അറിയിച്ചിരുന്നു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമര്‍പ്പിച്ച പഠന റിപോര്‍ട്ടിനെ തുടര്‍ന്നാണ് വിമാനത്താവള നിര്‍മാണത്തിനു കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അനുമതിക്കുള്ള നടപടികളിലേക്ക് ഇപ്പോള്‍ കടന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര സംഘം ശബരി വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രവനം, പരിസ്ഥിതി, എയര്‍പോര്‍ട്ട് അതോറിറ്റി, വ്യോമയാന മന്ത്രാലയങ്ങളിലെ വിദഗ്ധരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തുക.
സാങ്കേതിക പഠനം നടത്തുന്നതിനായാണു സന്ദര്‍ശനം. ഇതിനു ശേഷം അനുമതി പത്രം ലഭിക്കുന്നതോടെ രൂപരേഖ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് നിര്‍മാണങ്ങളിലേക്ക് കടക്കാനാകുമെങ്കിലും സ്ഥലം ഏറ്റെടുക്കുകയോ വിട്ടുകിട്ടുകയോ വേണം. ഇതിന് കോടതിയുടെ അനുമതിയും ലഭിക്കണം. നിലവില്‍ പതിറ്റാണ്ടുകളായി കോടതികളില്‍ ഉടമസ്ഥാവകാശ തര്‍ക്ക വ്യവഹാരങ്ങളില്‍ കുരുങ്ങിയ എസ്റ്റേറ്റ് നിയമ പ്രശ്‌നങ്ങളൊന്നുമില്ലാതെ സര്‍ക്കാരിനു ലഭിച്ചാലാണു വിമാനത്താവള നിര്‍മാണം സുഗമമാവുക. ഇതു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കു സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ കത്തു നല്‍കിയത്. എസ്റ്റേറ്റു പൂര്‍ണമായും വിട്ടുകൊടുക്കാതെ നിര്‍മാണത്തിന് ആവശ്യമായ 1200 ഏക്കര്‍ വിട്ടുനല്‍കാനാണ് സ്ഥലം കൈവശം വെച്ചിരിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ച് തയ്യാറായിരിക്കുന്നത്. ഇത് കച്ചവട തന്ത്രമാണെന്ന് പറയപ്പെടുന്നു.
ഇത്രയും സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ ബാക്കി സ്ഥലം വിമാനത്താവളത്തിനു ചുറ്റുമാവുകയും വന്‍ ബിസിനസ് സാധ്യത കൈവരുകയും ചെയ്യും. ഒപ്പം സ്ഥലത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ബിലീവേഴ്‌സ് ചര്‍ച്ചിന് ലഭിക്കുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ സംസ്ഥാനത്ത് ഹാരിസണ്‍ കമ്പനിയുമായി കേസ് നടന്നുകൊണ്ടിരിക്കുന്ന അഞ്ചു ലക്ഷം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദം നഷ്ടമാവും. വിമാനത്താവള നിര്‍മാണത്തിന്റെ പ്രാഥമിക പഠനം അനുസരിച്ച് കറിക്കാട്ടൂര്‍ മുതല്‍ മുക്കട വരെ മൂന്ന് കിലോമീറ്റര്‍ സുരക്ഷിത റണ്‍വേ് ലഭിക്കും. ചിറക്കടവ് റൂട്ടില്‍ ലാന്‍ഡിങിനും കറുകച്ചാല്‍ റൂട്ടില്‍ ടേക്ക് ഓഫിനും തടസ്സമില്ല. രണ്ടു ദേശീയപാതകളുടെയും അഞ്ചു പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് എസ്‌റ്റേറ്റ്. ഇവിടെ നിന്നും ശബരിമലയിലേക്ക് 48 കിലോമീറ്ററും കൊച്ചിയിലേക്ക് 110 കിലോമീറ്ററുമാണ് ദൈര്‍ഘ്യം. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ രണ്ടു കോടിയോളം ഭക്തരെത്തുന്നുണ്ട്.
നിലവില്‍ റോഡ് ഗതാഗതമാണ് പ്രധാന യാത്രാ മാര്‍ഗം. സമീപ ജില്ലകളില്‍ പ്രവാസികള്‍ ആയിരക്കണക്കിനാണ്. ഏകദേശം 2000 കോടി രൂപ നിര്‍മാണത്തിന് വേണ്ടിവരും. സിയാല്‍ മാതൃകയില്‍ തുക സംഭരിക്കാനാണു ധാരണ. സംസ്ഥാന സര്‍ക്കാര്‍ സാധ്യതാ പഠനത്തിനു നിയോഗിച്ച യുഎസ് ഏജന്‍സിയായ ലൂയി ബഗ്ര്‍ സമര്‍പ്പിച്ച പഠന റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്ര അനുമതിയിലേക്ക് നടപടികളായിരിക്കുന്നത്.
എസ്റ്റേറ്റിന്റെ ഉടമസ്ഥത തര്‍ക്കത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് അനുകൂലമായി കഴിഞ്ഞയിടെ ഹൈക്കോടതി സ്റ്റേ നല്‍കിയെങ്കിലും സിവില്‍ കോടതിയെ സമീപിച്ച് എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന്് നിയമ നടപടികള്‍ സ്വീകരിക്കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അല്ലാത്ത പക്ഷം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുമാകും. ഈ രണ്ട് മാര്‍ഗങ്ങള്‍ ഒഴിവാക്കി ഒത്തുതീര്‍പ്പിലൂടെ ഏറ്റെടുക്കുകയോ നിയമ നിര്‍മാണം നടത്തി ഏറ്റെടുക്കുകയോ നടത്തുകയാണ് മറ്റ് പോംവഴി.
Next Story

RELATED STORIES

Share it