എന്‍സിപിയില്‍ ചേരിപ്പോര്; ശശീന്ദ്രനെതിരേ പരാതി

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനു പിന്നാലെ കേരളത്തിലെ എന്‍സിപിയില്‍ ചേരിപ്പോര് മുറുകുന്നു. മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യോഗം ചേര്‍ന്നതിനെതിരേ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ അനൂകൂലിക്കുന്ന വിഭാഗം പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റിനു പരാതി നല്‍കും.
രണ്ടു ദിവസത്തിനുള്ളില്‍ പരാതി നല്‍കുമെന്നാണ് തോമസ് ചാണ്ടി പക്ഷത്തുള്ള നേതാക്കള്‍ പറയുന്നത്. സര്‍ക്കാര്‍ ചെലവില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം ചേരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തോമസ് ചാണ്ടി അനൂകൂലികള്‍ പറയുന്നു. കെഎസ്ആര്‍ടിസിയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലവിലുണ്ട് അത് പരിഹരിക്കാനാണ് മന്ത്രി ശ്രമിക്കേണ്ടത്. അല്ലാതെ സര്‍ക്കാര്‍ ചെലവില്‍ ഗ്രൂപ്പ് യോഗം ചേരുകയല്ല വേണ്ടത്. ഇനിയും ഇത് തുടരാന്‍ അനുവദിക്കില്ലെന്നും ടി പി പീതാംബരന്‍ മാസ്റ്ററുടെ വീട്ടിലെത്തി നടത്തിയ പ്രതിഷേധം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു.
ടി പി പീതാംബരന്‍ മാസ്റ്ററുടെ വീട്ടിലെത്തി പ്രതിഷേധിച്ചവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്്. എന്നാല്‍, സംഭവത്തില്‍ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്ന്് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. മറ്റാരെങ്കിലും കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം  മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, മന്ത്രി എ കെ ശശീന്ദ്രന്‍ ആലുവയില്‍ എത്തിയപ്പോള്‍ തങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയാണ് ചെയ്തതെന്നാണ് ശശീന്ദ്രന്‍ അനൂകൂലികള്‍ പറയുന്നത്. എറ്റവും മികച്ച രീതിയിലാണ് കേരളത്തിലെ എന്‍സിപിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വന്നത്. ഈ മാസം 13ന് പാര്‍ട്ടി യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സംബന്ധിച്ച് വിലയിരുത്തി സംതൃപ്തി രേഖപ്പെടുത്തിയിരുന്നതാണ്. ഈ സാഹചര്യത്തില്‍ 18ന്് നടത്താനിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്, ഭാരവാഹികള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് പെട്ടെന്ന് മാറ്റിവയ്ക്കാനിടയായ സാഹചര്യം സംബന്ധിച്ച് മന്ത്രി എ കെ ശശീന്ദ്രനോട് കൂടിക്കാഴ്ചയി ല്‍ ചര്‍ച്ച ചെയ്യുകയാണ് ചെയ്തത്. ഇതു സംബന്ധിച്ചാണ് ടി പി പീതാംബരന്‍ മാസ്റ്ററോടും ചോദിച്ചത്. തോമസ് ചാണ്ടിയെ  അനൂകൂലിക്കുന്നവരുടെ പരാതിയുള്ളതിനാലാണ് തിരഞ്ഞെടുപ്പ് മാറ്റിയതെന്നാണ് തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശശീന്ദ്രന്‍ അനുകൂല നേതാക്കള്‍ പറയുന്നു. ടി പി പീതാംബരന്‍ മാസ്റ്ററുടെ വീട്ടിലെത്തി പ്രതിഷേധം നടത്തിയെന്നത് അനാവശ്യമായി പറഞ്ഞുപരത്തുന്നതാണെന്നാണ്  ശശീന്ദ്രന്‍ അനൂകൂല നേതാക്കള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് മാറ്റിവച്ചത് മാധ്യമങ്ങളില്‍ നിന്നാണ് നേതാക്കളും പ്രവര്‍ത്തകരും അറിയുന്നത്. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ ചോദിച്ചതെങ്ങനെയാണ് പ്രതിഷേധമാവുന്നതെന്നും ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിയിലെ ചില നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും ശശീന്ദ്രന്‍ അനൂകൂല നേതാക്കള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it