എട്ടു വര്‍ഷത്തിനുശേഷം റഷ്യന്‍ പ്രസിഡന്റ് ഇറാനില്‍

തെഹ്‌റാന്‍: എട്ടു വര്‍ഷത്തിനുശേഷം റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനിലെത്തി. ബശ്ശാറുല്‍ അസദിനെ ഇരുരാജ്യങ്ങളും പിന്തുണയ്ക്കുന്നതിനാല്‍ സിറിയന്‍ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുന്നതിനാണ് പുടിന്‍ തെഹ്‌റാനിലെത്തിയത്. പുടിനെ ഇറാന്‍ ആത്മീയനേതാവ് ആയത്തുല്ല അലി ഖാംനഇയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സാന്നിധ്യം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളാണ് ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തത്. ആയത്തുല്ല അലി ഖാംനഇയുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷം പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും പുടിന്‍ ചര്‍ച്ചനടത്തി. വാതക കയറ്റുമതിയുമായി ബന്ധപ്പെട്ട ഏഴു പ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
വാതക കയറ്റുമതിയിലെ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ഇറാന്റെ ആണവപദ്ധതികളില്‍ റഷ്യയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും ചര്‍ച്ചകള്‍ക്കു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റൂഹാനി വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ബാങ്കിങ് മേഖല മെച്ചപ്പെടുത്തുന്നതിനായി ഇറാന് 500 കോടി ഡോളര്‍ നല്‍കുമെന്നും പുടിന്‍ വ്യക്തമാക്കി.
ഇറാന്റെ ആണവപദ്ധതിക്കെതിരേ കഴിഞ്ഞ ജൂലൈ 14ന് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കൊപ്പം റഷ്യയും രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നു ഇരുരാജ്യങ്ങള്‍ക്കിടയിലുണ്ടായ ശത്രുത പരിഹരിക്കുന്നതിനു കൂടിയാണ് പുടിന്‍ സന്ദര്‍ശനം നടത്തിയത്. ഈജിപ്തില്‍ റഷ്യന്‍ വിമാനം ഒക്ടോബര്‍ അവസാനം ബോംബുവച്ച് തകര്‍ത്തതോടെ സിറിയയില്‍ ഐഎസിനെതിരേ റഷ്യ ബോംബാക്രമണം ശക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it