എടിഎം ഇടപാടുകള്‍ കുറഞ്ഞു



രാജ്യത്തെ ബാങ്കിങ് മേഖലയില്‍ സമ്മിശ്ര പ്രതികരണമാണ് നോട്ടു നിരോധനം ഉണ്ടാക്കിയത്. കൈവശമുള്ള നിരോധിത നോട്ടുകള്‍ കൈമാറുന്നതിനു പ്രഭാതം മുതല്‍ പ്രദോഷം വരെ ആയിരങ്ങള്‍ ബാങ്കുകള്‍ക്കു മുന്നില്‍ കാത്തുകെട്ടിക്കിടന്നത് ബാങ്കിങ് മേഖലയിലും ജീവനക്കാരിലും തുടക്കത്തില്‍ കടുത്ത സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. പലയിടങ്ങളിലും ഇതു ക്രമസമാധാനപ്രശ്‌നമായി വളര്‍ന്നു. എന്നാല്‍, ഇക്കാലയളവില്‍ വന്‍ നിക്ഷേപമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ എത്തിയത്. നോട്ടു നിരോധനത്തിലൂടെ വന്‍ നിക്ഷേപസാധ്യത മുന്നില്‍ക്കണ്ട് പല ബാങ്കുകളും കരുക്കള്‍ നീക്കിയത് നിക്ഷേപങ്ങളി ല്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. അതേസമയം, നോട്ടു നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം വായ്പകളുടെ തിരിച്ചടവുകളില്‍ ഗണ്യമായ കുറവുണ്ടാക്കിയത് ബാങ്കുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. പല ബാങ്കുകളുടെയും ആസ്തികളുടെ ക്വാളിറ്റിയെ ഇത് ദോഷകരമായി ബാധിച്ചു. വരുമാനത്തില്‍ ഉണ്ടായ ഇടിവ് ചെറുകിട ഇടപാടുകാരുടെ വായ്പാ തിരിച്ചടവുകളെയും പ്രതികൂലമായി ബാധിച്ചത് ബാങ്കിങ് മേഖലയില്‍ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല. ഇതുമൂലം കിട്ടാക്കടം വന്‍തോതില്‍ വര്‍ധിച്ചു. കൂടാതെ ബാങ്ക് ലോണ്‍ തിരിച്ചുപിടിക്കുന്നതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ നോട്ടു നിരോധനം ഉണ്ടാക്കിയ പ്രതിസന്ധിയെ തുടര്‍ന്നു പല ബാങ്കുകള്‍ക്കും തിരിച്ചുവിളിക്കേണ്ടിവന്നു. വിതരണശൃംഖലയെ സഹായിക്കുന്നതിനു തൊഴില്‍ മൂലധനം ഉയര്‍ത്തേണ്ടിവന്ന പല കമ്പനികളെയും നോട്ടു നിരോധനം സാരമായി ബാധിച്ചു. ഇതു ഫലത്തില്‍ ബാങ്കുകളിലേക്കുള്ള പണത്തിന്റെ ഒഴുക്കിനു തടസ്സം സൃഷ്ടിച്ചു. 2016 സപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 10,177 കോടി രൂപ വായ്പയിനത്തിലും മറ്റുമായി ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാ ന്‍ സാധിച്ചെങ്കില്‍ നോട്ടു നിരോധനം നടപ്പാക്കിയതിനു ശേഷമുള്ള 2016 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കുകള്‍ക്ക് 7909 കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാന്‍ സാധിച്ചത്. നോട്ടു നിരോധനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി ബാങ്കുകളാണ് എടിഎം സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ നിര്‍ബന്ധിതരായത്. ഇത് എടിഎം വഴിയുള്ള ഇടപാടുകളില്‍ വന്‍ കുറവാണ് വരുത്തിയത്. സാമ്പത്തിക ബാധ്യത മുന്‍നിര്‍ത്തി നിരവധി ബാങ്കുകള്‍ തങ്ങളുടെ എടിഎം കൗണ്ടറുകള്‍ക്കു താഴിടുകയും ചെയ്തു. ഫലത്തില്‍ നോട്ടു നിരോധനം കാഷ്‌ലെസ് ഇക്കോണമി സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിനു നേര്‍വിപരീതമാണ് സംഭവിച്ചത്.
Next Story

RELATED STORIES

Share it